ലഖ്‌നൗ: കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭാര്യയെ കെട്ടിപ്പിടിച്ച് അവരുടെ മുതുകത്ത് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഭാര്യയുടെ നെഞ്ചു തുളച്ചെത്തിയ വെടിയുണ്ട ഭര്‍ത്താവിന്റെയും ജീവനെടുത്തു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് ഒരു വെടിയുണ്ട രണ്ടുപേരുടെ ജീവനെടുത്ത സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അനേക് പാല്‍ (40), ഭാര്യ സുമന്‍ (38) എന്നിവരാണ് മരിച്ചത്.
ബിലാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഖാന്‍പുര്‍ ഗ്രാമസ്വദേശികളാണ് അനേകും സുമനും. ഇവരുടെ വീട്ടില്‍വെച്ച് ജൂണ്‍ 13-ന് രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അനേകിന്റെയും സുമന്റെയും മക്കളും ബന്ധുക്കളും പറഞ്ഞു. കുറച്ചുദിവസം മുന്‍പ് ഒരു വിവാഹച്ചടങ്ങിനിടെ സുമന്റെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞയാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
ജൂണ്‍ 13-ന് രാത്രി, പ്രാര്‍ഥനയ്ക്കു ശേഷം അനേക് സുമനെ ആലിംഗനം ചെയ്യുകയും ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേ വെടിയുണ്ട സുമന്റെ ദേഹം തുളച്ചുകയറിയ ശേഷം അനേകിന്റെയും നെഞ്ച് തുളച്ച് പുറത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദമ്പതിമാരുടെ ബന്ധുക്കളില്‍നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് അനേക് വെടിയുതിര്‍ത്തതെന്ന് ബിലാരി പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ അങ്കിത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു. ഇത് എവിടെ നിര്‍മിച്ചതാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.