ഏഷ്യാകപ്പ് തിയതി പ്രഖ്യാപിച്ചു; പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കും

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ ആയി നടക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് തീയതി പ്രഖ്യാപിച്ചത്. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.

നാല് മത്സരങ്ങള്‍ പാകിസ്താനിലും ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഭാഗികമാണെങ്കിലും 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്.

പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താന്‍ തീരുമാനിച്ചത്. ഏഷ്യാ കപ്പ് ആതിഥേയത്വം വഹിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാൾ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇവര്‍ രണ്ടു ഗ്രൂപ്പുകളിലായി ആദ്യ ഘട്ട പോരാട്ടങ്ങള്‍ നടക്കും. തുടര്‍ന്ന് സൂപ്പര്‍ ഫോറും ഫൈനലുമടക്കം 13 മത്സരങ്ങളടങ്ങിയതാണ് ടൂര്‍ണ്ണമെന്റ്.

ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ എന്നിവരടങ്ങിയതാണ് ഒരു ഗ്രൂപ്പ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് അടുത്ത ഗ്രൂപ്പിലുള്ളത്. പാകിസ്താനിലെ മത്സരങ്ങള്‍ ലാഹോറിലും ശ്രീലങ്കയിലെ മത്സരങ്ങള്‍ കാന്‍ഡി, പല്ലേകലെ സ്റ്റേഡിയങ്ങളിലുമായി നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News