ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി; കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ

കൊല്ലം:ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ 3 മുതൽ കാണാതായിരുന്നു.

ജിഷയെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണു പൊലീസ് നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അച്ഛൻ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ സമീപ വീട്ടിൽ അറിയിച്ചതിനെത്തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വൈകിട്ട് നാലരയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ സുജിത്ത് വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ  ഇടപെടുകയും ശിശുക്ഷേമ സമിതി സ്ഥലത്ത് എത്തുകയും ചെയ്തു.

ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംരക്ഷിക്കാൻ കഴിയില്ലെന്നറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News