KeralaNews

ബിജെപി കൺവൻഷൻ ഉദ്ഘാടനത്തിന് പത്മജ; പ്രതിഷേധിച്ച് പത്മനാഭൻ, നിലവിളക്കു കൊളുത്തുമ്പോൾ എഴുന്നേറ്റില്ല

കാസർകോട് :മറ്റു പാർട്ടികൾ വിട്ട് ബിജെപിയിലെത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി. എൻഡിഎ കാസർകോട് മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ ഉദ്ഘാടനം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏൽപിച്ചതിൽ പരസ്യമായി പ്രതിഷേധിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭൻ രംഗത്തെത്തി.

കാസർകോട് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിൽ  നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്പോൾ സി.കെ.പത്മനാഭൻ കസേരയിൽ നിന്ന് എഴുന്നേറ്റതുമില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറ‍ഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

വേദിയിലുണ്ടായിരുന്ന സ്ഥാനാർഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രമീള സി. നായിക്, എം.സഞ്ജീവ ഷെട്ടി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉൾപ്പെടെയുള്ള നേതാക്കൾ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പത്‌മനാഭൻ വന്നില്ല. 

നേരത്തേ ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതിൽ തനിക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹം ചിലരോടു പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പിന്നീട് പ്രതികരിച്ചു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ.

ഇങ്ങനെ വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണു നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട്– സി.കെ.പത്മനാഭൻ പറഞ്ഞു.  അതേ സമയം, ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് പത്മജയെ തന്നെ ആയിരുന്നെന്നും വിളക്കു കൊളുത്തുമ്പോൾ പത്മനാഭൻ എഴുന്നേൽക്കാതിരുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് ജില്ലാ നേതൃത്വം പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker