കൊച്ചി: കുവൈത്ത് മംഗെഫിലെ തീപ്പിടിത്തദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറില്ലെന്ന് എൻ.ബി.ടി.സി. മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം. ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്നും അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എബ്രഹാം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ക്യാമ്പുകളില്‍ കൃത്യമായ പരിശോധന നടത്താറുണ്ട്. പൂര്‍ണമായും എയര്‍ കണ്ടീഷൻ ചെയ്ത കെട്ടിടമായിരുന്നു. മനുഷ്യരെ വേര്‍തിരിച്ച് കാണാറില്ല. എല്ലാവരും തുല്യരാണ്. തൊഴിലാളികളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കരുതിയത്. അപകടത്തില്‍പ്പെട്ട എല്ലാവരുടേയും കുടുംബങ്ങളെ നേരില്‍ കാണും. എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
കുവൈത്ത് സര്‍ക്കാറും ഇന്ത്യന്‍ എംബസിയും കൃത്യമായി ഇടപെട്ടു. കേന്ദ്രസര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. 48 മണിക്കൂറിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രമധ്യേയാണ് അപകടവിവരം അറിയുന്നത്. വിഷയം അറിഞ്ഞതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. പ്രഷറും ഷുഗറും വര്‍ധിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.