വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി. തോട്ടം മേഖലയായ പെരുന്തട്ടയിൽ മുഹമ്മദിന്റെ വീട്ടിൽ വെെകീട്ട് നാലരയോടെ ആയിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച വച്ചതോടെ പന്നി ഓടിപ്പോയി. പന്നി ഓടിക്കയറിയപ്പോൾ വീട്ടിൽ മുഹമ്മദും ഭാര്യ സുഹറും അനസ് എന്ന കുട്ടിയും ഉണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റു. മൂവരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അടുത്തിടെ കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറിയിരുന്നു. ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നൽകുന്ന ഇടം വഴി പുറത്തേക്ക് പോവുകയായിരുന്നു.
കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്നാണ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. കോളേജ് ഹോസ്റ്റലിന് സമീപത്ത് രാത്രിയിൽ പതിവായി കാട്ടുപന്നികൾ എത്തുന്നതായി പറയപ്പെടുന്നു. മുൻപ് രാത്രികാലങ്ങളിൽ മെഡിക്കൽ കോളേജിന്റെ മുറ്റത്ത് കാട്ടുപോത്തുകൾ എത്തുന്നത് പതിവായിരുന്നു.
മലയോര മേഖലകളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായിത്തുടരുകയാണ്. കൂട്ടമായിറങ്ങുന്ന വന്യമൃഗങ്ങളും കാട്ടുപന്നികളും ഗ്രാമീണർക്ക് ഭീഷണിയാവാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യാത്രികർക്ക് പലപ്പോഴും ഇവയുടെ ആക്രമണങ്ങളിൽപ്പെട്ട് മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കാട്ടുപന്നിയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണങ്ങളിൽപ്പെട്ട് ഗുരുതരാവസ്ഥയിലായവർ നിരവധിയുണ്ട്.