FeaturedKeralaNews

ഭാര്യ സ്വകാര്യ സ്വത്തല്ല, കൂടെ താമസിക്കാന്‍ നിര്‍ബന്ധിക്കരുത്; സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നത് തെറ്റെന്ന് സുപ്രീം കോടതി. ഭാര്യ, ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ഗൊരഖ്പുര്‍ സ്വദേശിയായ യുവാവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

‘നിങ്ങള്‍ എന്താണ് കരുതുന്നത്. ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സ്ത്രീ സ്വകാര്യ സ്വത്താണെന്നാണോ? നിങ്ങളോടൊപ്പം വരണമെന്ന് നിര്‍ദേശിക്കാന്‍ ഭാര്യ ഒരു സ്വകാര്യ സ്വത്താണോ? ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല അതുകൊണ്ട് തന്നെ അവരെ നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനുമാകില്ല. അവള്‍ക്ക് പോകാന്‍ താല്‍പ്പര്യമില്ലാത്ത ഒരു സ്ഥലത്തേക്ക് അയക്കണമെന്ന് ഉത്തരവിടണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്,’ കോടതി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുകാലമായി ഭാര്യയുമായി അകന്നു കഴിയുകയാണ് യുവാവ്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പരാതിയുമായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 20,000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് ചോദ്യം ചെയ്ത ഇയാള്‍ വീണ്ടും കോടതിയെ സമീപിച്ചു.

ഭാര്യയ്ക്കൊപ്പം ഒന്നിച്ചു കഴിയാന്‍ സന്നദ്ധനാണെന്നും അങ്ങനെ ജീവിക്കാന്‍ തയ്യാറായാല്‍ ഹിന്ദു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ജീവനാംശം നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയെങ്കിലും അലഹബാദ് ഹൈക്കോടതി ഇയാളുടെ ആവശ്യം തള്ളി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയെ തനിക്കൊപ്പം തന്നെ അയക്കണമെന്നായിരുന്നു അഭിഭാഷകന്‍ മുഖേന ഇയാള്‍ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button