ജറുസലേം: ഞായറാഴ്ച ഇസ്രയേല്‍സൈന്യം മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ഥിക്യാമ്പുകളായിരുന്നു ലക്ഷ്യം. ഒരു വീട്ടിലുണ്ടായിരുന്ന എട്ടുപേര്‍ കൊല്ലപ്പെട്ടു. അതിനിടെ, ഗാസയിലെ യുദ്ധമവസാനിക്കാന്‍ മാസങ്ങളെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ സവിശേഷമായ ധാര്‍മികതയാണ് ഇസ്രയേല്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഞായറാഴ്ച രാത്രി മധ്യ ഗാസയില്‍ വന്‍ ആക്രമണം നടന്നതിനാല്‍ കൂടുതല്‍പ്പേര്‍ ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയിലേക്കു പലായനംചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. 56,451 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 40 ശതമാനംപേരും ക്ഷാമത്തിന്റെ വക്കിലാണെന്ന് യു.എന്‍. പറഞ്ഞു.
അതിനിടെ, യുദ്ധം മൂര്‍ധന്യത്തിലാണെന്നും ഗാസയുടെ ഈജിപ്ത് അതിര്‍ത്തി ഇസ്രയേല്‍ പിടിച്ചെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. പലായനംചെയ്ത പലസ്തീന്‍കാര്‍ തിങ്ങിനിറഞ്ഞ പ്രദേശമാണിവിടം. 2005-ല്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോയ ഇസ്രയേല്‍, അതിര്‍ത്തിയുടെ നിയന്ത്രണം പിടിച്ചെടുത്താല്‍ അത് പഴയസ്ഥിതിയിലേക്കുള്ള തിരിച്ചുപോക്കാകും.
ഈജിപ്ത് അതിര്‍ത്തിവഴിയാണ് ഹമാസിന് ആയുധമെത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതേക്കുറിച്ചോ അതിര്‍ത്തി പിടിച്ചെടുക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെക്കുറിച്ചോ ഈജിപ്ത് പ്രതികരിച്ചിട്ടില്ല.
ഊര്‍ജമന്ത്രി ഇസ്രയേല്‍ കാറ്റ്‌സിനെ പുതിയ വിദേശകാര്യ മന്ത്രിയായി ഇസ്രയേല്‍സര്‍ക്കാര്‍ ഞായറാഴ്ച നിയമിച്ചു. ഒരുവര്‍ഷത്തോളം വിദേശകാര്യമന്ത്രിയായിരുന്ന ഏലി കോഹന് ഊര്‍ജമന്ത്രിയുടെ ചുമതല നല്‍കി. സുരക്ഷാ മന്ത്രിസഭാ അംഗമായി കോഹന്‍ തുടരും.
മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും മന്ത്രിസ്ഥാനങ്ങള്‍ പരസ്പരംമാറ്റിയതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയിലെ അംഗങ്ങളാണ് രണ്ടുപേരും.