KeralaNews

‘ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല; കോൺഗ്രസുകാർക്ക് സ്വന്തം പതാകയും തൊട്ടുകൂടാതായോ?ആഞ്ഞടിച്ച് പിണറായി

കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയതു ബിജെപിയെ ഭയപ്പെട്ടിട്ടാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം കൊടിക്കുപോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്കു കോണ്‍ഗ്രസ് താണുപോയോയെന്നും അദ്ദേഹം വിമര്‍ശിച്ചു.

”ഇന്നലെയാണ് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാവ് വയനാട്ടില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതിന്റെ ഭാഗമായി റോഡ്‌ഷോയും നടത്തി. സ്വാഭാവികമായും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകള്‍ അതിന്റെ പിന്നാലെ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ സ്വന്തം പാര്‍ട്ടി പതാക അവിടെ എവിടെയും കണ്ടില്ല എന്നുള്ളതാണു ശ്രദ്ധിക്കപ്പെട്ട കാര്യം. എന്തുകൊണ്ടാണ് അങ്ങനെ ഒരു അവസ്ഥ വരുന്നത്. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍പോലും കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നത് എന്തുകൊണ്ടാണ് എന്ന സ്വാഭാവികമായ സംശയം എല്ലാവരിലും ഉണ്ടാകും.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിട്ടാണ്. മുന്നണി സ്ഥാനാര്‍ഥി ആണെങ്കിലും പാര്‍ട്ടിയുടെ ദേശീയ നേതാവ് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ധാരാളംഅവിടെ അണിനിരക്കേണ്ടി വരും. ഇവര്‍ക്കെല്ലാം എന്തുകൊണ്ടാണു കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തത് ആയത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദ്യമായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ടാണ്?

ഇതുമായി ബന്ധപ്പെട്ടു പറയുന്നതു കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയില്‍ പങ്കെടുത്തത്. ഇത് ഒരുതരം ഭീരുത്വം അല്ലേ. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം എന്നാല്‍ പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് എടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍നിന്ന് ഒളിച്ചോടാന്‍, സ്വന്തം കൊടിക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് താണുപോയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്നൊരു സംശയം സ്വാഭാവികമായും ഇതൊക്കെ കാണുമ്പോ ഉണ്ടാകും. ചിലര്‍ സൗകര്യപൂര്‍വം ആ ചരിത്രം വിസ്മരിക്കുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയര്‍ത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു. 1921ല്‍ ഇന്ത്യയെ പ്രതിനീധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയത്തെ പ്രതിനിധീകരിക്കുന്ന ഒരു പതാക എന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്‌ലാഗ് എന്നു പേരിട്ട ആ ത്രിവര്‍ണ പതാക എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന ആശയമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്.

ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ റിപബ്ലിക്കിന്റെ പാതകയ്ക്കും രൂപം നല്‍കിയതെന്ന് ഓര്‍ക്കണം. ഈ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രിട്ടിഷ് പൊലീസിന്റെ മൃഗീയ മര്‍ദനം വാങ്ങിയിട്ടുണ്ട്, എത്ര ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ കോടിയ മര്‍ദനത്തിന് ഇരയായിട്ടുണ്ട്.

ഈ ചരിത്രം കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലേ. ഇങ്ങനെ ജ്വലിക്കുന്ന ഇന്നലെകളുള്ള പതാക പിന്നീടു കോണ്‍ഗ്രസ് സ്വന്തം കൊടിയാക്കി. എന്നാലും അതിന്റെ ചരിത്രത്തെ വിസ്മരിക്കാനാകില്ല. ആ ചരിത്രമാണു നിര്‍ണായക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ ഭയന്ന് ഒളിപ്പിച്ചുവയ്ക്കുന്നത്. സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയവാദികളെ ഭയന്നു പിന്മാറുംവിധം കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു.

ത്രിവര്‍ണ പതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണം എന്നതു സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിനു വഴങ്ങുകയാണോ കോണ്‍ഗ്രസ്. കേവലം തിരഞ്ഞെടുപ്പ് തന്ത്രമായി ചുരുക്കി കാണാന്‍ കഴിയുന്ന അനുഭവമല്ല ഇത്. സ്വന്തം പതാക വേണോ വേണ്ടയോ എന്നു കോണ്‍ഗ്രസിനും ലീഗിനും തീരുമാനിക്കാം. എന്നാല്‍ സ്വന്തം അസ്ഥിത്വം പണയപ്പെടുത്തുകയല്ല ചെയ്യേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button