30 C
Kottayam
Friday, May 17, 2024

17,545 കോടിയില്‍ നിന്നും പൂജ്യത്തിലേക്ക്‌,ഫോബ്‌സ് പട്ടികയിൽനിന്ന് ബൈജു പുറത്ത്‌

Must read

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഞെട്ടലോടുകൂടി നോക്കിക്കണ്ട സംഭവമായിരുന്നു എജ്യുടെക് ഭീമന്‍ ബൈജു രവീന്ദ്രന്റെ തകര്‍ച്ച. ആ തകര്‍ച്ചയുടെ ആഴം വെളിവാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ പുറത്തുവന്ന ‘ഫോബ്‌സ് ബില്യണയര്‍ ഇൻഡക്സ് 2024’ പട്ടികയിൽ ബൈജൂസ് എന്ന എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടിക പുറത്തുവന്നത്. എന്നാല്‍, അവിടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് സമ്പന്നരുടെ പട്ടികയില്‍നിന്ന് പുറത്തായ ബൈജു രവീന്ദ്രനാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പുവരെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികകളില്‍ പലതിലും ബൈജു ഇടംപിടിച്ചിരുന്നു.

2022-ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ കമ്പനിയുടെ മൂല്യം. ഒരു വര്‍ഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിന്റെ ആസ്തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.

ഫെബ്രുവരിയോടെ ഓഹരി ഉടമകള്‍ ബൈജുവിനെ കമ്പനിയുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കി. ഈ ആഴ്ച മാത്രം കമ്പനി പിരിച്ചുവിട്ടത് 500 പേരെയാണ്. 2023-ല്‍ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 3000-ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഈ വര്‍ഷം പുറത്തുവിട്ട 2022 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക കണക്കുകൾ പ്രകാരം ഒരു ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടെ നഷ്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week