യു.എ.ഇ: ചൈനീസ് സഹകരണത്തോടെ യു.എ.ഇ തദ്ദേശീയമായി നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ‘ഹയാത്ത്’ ഉടൻ പുറത്തിറക്കും. അബുദാബി ജി42ന്റെയും ചൈനയുടെ സിനോഫാമിന്റെയും സംയുക്ത സംരംഭമായാണ് വാക്സിന്‍ നിര്‍മ്മാണം.
കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയ സിനോഫാം വാക്സിനാണ് ഹയാത്ത് വാക്സ് എന്ന പേരിൽ പുറത്തിറങ്ങുക.
യു.എ.ഇ വിദേശ അന്താരാഷ്ട്രകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ചേർന്നാണ് വാക്സിൻ ഉത്പാദന പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് വിവേചനമില്ലാതെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിന്‍ ഉത്പ്പാദനത്തിനായി അബുദാബി ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ ശാസ്ത്ര ഗവേഷണ വികസന കേന്ദ്രവും ആരംഭിക്കും. അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഗവേഷണ കേന്ദ്രം വരുന്നത്. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കേന്ദ്രത്തിൽ നിന്ന് വർഷത്തിൽ 20കോടി വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കപ്പെടും.
അതെസമയം സൗദിയില്‍ പ്രതിദിന കോവിഡ് വീണ്ടും 500നു മുകളിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഇന്നലെ 502 പേരാണു പോസിറ്റീവ്; 6 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 6,643.
ചികിത്സയില്‍ ഉള്ള 4,593ല്‍ 635 പേരുടെ നില ഗുരുതരമാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങളും കണ്ടെത്തിയതോടെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്കു വാക്‌സീന്‍ നിര്‍ബന്ധമാക്കി. കുത്തിവയ്പ് എടുക്കാത്തവര്‍ ആഴ്ച തോറും ആര്‍ടി പിസിആര്‍ പരിശോധന നടത്തണം. കുവൈത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതു ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പകല്‍ മാത്രമേ യാത്രാനുമതി ഉള്ളൂ. ഹോട്ടലുകളിലും മറ്റും പാഴ്‌സല്‍ സേവനം മാത്രം. ഒമാനില്‍ ഇന്ന് രാത്രിയാത്രാവിലക്ക് ആരംഭിക്കും.
പ്രതിദിന കോവിഡ് 2000 കടന്ന യുഎഇയില്‍ നിയന്ത്രണങ്ങള്‍ ശക്തമെങ്കിലും യാത്രാവിലക്ക് ഇല്ല. നിലവില്‍ 15,129 പേരാണു ചികിത്സയില്‍. ഇന്നലെ 2,304 പേര്‍ പോസീറ്റീവ് ആയി, 5 പേര്‍ മരിച്ചു. 96 മണിക്കൂറിനകമുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലവുമായി ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ എത്താം.