ചെന്നൈ: കസ്റ്റഡിയിൽവച്ചു പ്രതികളെ ക്രൂരമായി പീഡിപ്പിച്ചതിനു സസ്പെൻഷനിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവാദം നൽകി തമിഴ്നാട് സർക്കാർ. കസ്റ്റഡിയിലെടുത്തവരുടെ പല്ലുകൾ ചവണ ഉപയോഗിച്ച് പിഴുതെടുത്തെന്ന ആരോപണം നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ബൽവീർ സിങ്ങിനെയാണ് പ്രോസിക്യൂട്ട് ചെയ്യുക. അംബാസമുദ്രം മുൻ എഎസ്പിയാണ് മുപ്പത്തൊൻപതുകാരനായ ബൽവീർ സിങ്.
ബൽവീർ സിങ്ങും മറ്റു പൊലീസുകാരും ചേർന്നു പീഡിപ്പിച്ചെന്ന വിവരം 2023 മാർച്ചിലാണു പുറത്തുവന്നത്. തുടർന്ന് പ്രാഥമിക അന്വേഷണത്തിനു ശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബൽവീർ സിങ്ങിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ബൽവീർ സിങ്ങിനെതിരായ നാലു കേസുകളിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി. ഇയാൾക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.
വായിൽ കല്ലുതിരുകിയ ശേഷം ചവണ ഉപയോഗിച്ച് പല്ലു പറിച്ചെടുത്തു എന്നതാണ് ബൽവീർ സിങ്ങിനെതിരായ കുറ്റം. ബൽവീർ സിങ്ങിനെതിരെ സമാനമായ ആരോപണവുമായി പതിനഞ്ചോളം പേരാണ് രംഗത്തുവന്നത്. തിരുനെൽവേലിയിലെ ശിവന്തിപുരത്ത് ഇറച്ചിക്കട നടത്തുന്ന സഹോദരങ്ങളായ മാരിയപ്പൻ, ചെല്ലപ്പൻ എന്നിവരും പരാതിക്കാരുടെ കൂട്ടത്തിലുണ്ട്.
രാജസ്ഥാനിലെ ടോങ്കിൽ ജനിച്ച ബൽവീർ സിങ്, ഐഐടി ബോംബെയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിലേക്കു വരുന്നത്. 2020ലാണ് ബൽവീർ ഐപിഎസ് സ്വന്തമാക്കിയത്. അതിനു മുൻപ് ആറു വർഷത്തോളം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി ചെയ്തിരുന്നു.