കടന്നുകയറ്റം ഇസ്രയേൽ അവസാനിപ്പിക്കണം, തടവിലാക്കിയവരെ വിട്ടയക്കണം; ഉച്ചകോടിയിൽ ആവശ്യവുമായി സൗദി അറേബ്യ
റിയാദ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും തടവിലായവരെയും ബന്ദികളെയും ഉടനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ. അറബ്-ഇസ്ളാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിലാണ് സൗദിയ്‌ക്ക് വേണ്ടി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ ഇങ്ങനെ ആവശ്യപ്പെട്ടത്. ഗാസയിലെ ഇസ്രയേൽ-ഹമാസ് പോരാട്ടം കനക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി.
ഗാസയിലുണ്ടായ മാനുഷിക ദുരന്തം തടയാൻ യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്‌ട്ര സമൂഹവും പരാജയപ്പെട്ടതായി വിലയിരുത്തിയ സൗദി അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനം ഇസ്രയേൽ നടത്തിയത് തടയുന്നതിൽ അന്താരാഷ്‌ട്ര സമൂഹം രണ്ട് നിലപാടാണെടുത്തതെന്ന് വിമർശിച്ചു. 1967ലേത് പോലെ കിഴക്കൻ ജെറുസലേം ആസ്ഥാനമാക്കി പാലസ്‌തീൻ രാജ്യം നിലവിൽ വരിക മാത്രമാണ് പ്രശ്‌നപരിഹാരം.
ഗാസയ്‌ക്ക് പുറമേ വെസ്‌റ്റ് ബാങ്കിലും ഇസ്രയേൽ അധിനിവേശം വർദ്ധിച്ചതായും ഇസ്രയേൽ തങ്ങളുടെ പുണ്യസ്ഥലങ്ങളിൽ അധിനിവേശം നടത്തുന്നതും നശിപ്പിക്കുന്നതും അവസാനിപ്പിക്കാൻ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതായും പാലസ്‌തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഉച്ചകോടിയിൽ പറഞ്ഞു.
ഗാസയിൽ നിന്നോ വെസ്റ്റ് ബാങ്കിൽ നിന്നോ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം അന്താരാഷ്‌ട്ര നിയമങ്ങൾക്ക് മുകളിലായി എത്രനാൾ ഇസ്രയേലിനെ ലോകരാജ്യങ്ങൾ പരിഗണിക്കുമെന്ന് ഖത്തർ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽ താനി ചോദിച്ചു.