BusinessNationalNews

സുപ്രീം കോടതി വിധി കരുത്തായി; അംബാനി കുടുംബത്തെ മറികടന്ന് അദാനി

മുംബൈ:അദാനിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ തുടർന്ന് അദാനി കമ്പനി ഓഹരികളിൽ ഇന്നും മുന്നേറ്റം. ബുധനാഴ്ച മാത്രം അദാനി ഓഹരികൾ 12 ശതമാനം വരെ ഉയർന്നിരുന്നു. അദാനി ഹിൻഡൻബർഗ് വിഷയത്തിൽ തുടരന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയാണ് ഓഹരികളുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ.

കമ്പനി ഓഹരി വിലയിൽ കൃത്രിമത്വം നടത്തിയെന്നും അക്കൗണ്ടിങ് തട്ടിപ്പുകൾ നടത്തിയെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസേർച്ച് കഴിഞ്ഞ വർഷമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിയാൻ കാരണമായി. വിഷയത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അദാനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ല എന്നും സെബിക്ക് വീഴ്ച വന്നു എന്നും പറയാനാകില്ല എന്നുമായിരുന്നു അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

സമിതിയുടേത് നിഷ്പക്ഷമായ വിധിയല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്.

ഹിൻഡൻബർഗ് റിസേർച്ചിൻെറയോ ഇതുപോലെ ഒരു സ്ഥാപനത്തിൻെറയോ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ മാത്രം തുടരന്വേഷണം നടത്താൻ ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻെറ വിധി. അദാനിക്ക് അനുകൂലമായ വിധി വന്നതോടെ അദാനി ഓഹരികൾ മുന്നേറി. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികൾ എല്ലാം പച്ച കത്തി.

അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് വിധി അനുകൂലമായതോടെ കമ്പനിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഉയർന്നു. 15 ലക്ഷം കോടി രൂപയിലധികമാണ് മൂല്യമുയർന്നത്. ഇതോടെ ആസ്തി വർധനയിൽ ഗൗതം അദാനിയുടെ കുടുംബം റിലയൻസ് ഇൻഡസ്ട്രീസിനെയും മുകേഷ് അംബാനിയെയും മറികടന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രമോട്ടർ എന്ന പദവി തിരിച്ചുപിടിച്ചിരിക്കുകയാണ് അദാനി.

ബുധനാഴ്ച ഗൗതം അദാനിയുടെ കുടുംബത്തിന്റെ ആസ്തി 9.37 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു ദിവസം മുമ്പ് 8.98 ലക്ഷം കോടി രൂപയായിരുന്നു. മുകേഷ് അംബാനി കുടുംബത്തിന്റെ ആസ്തി 9.38 ലക്ഷം കോടിയിൽ നിന്ന് 9.28 ലക്ഷം കോടി രൂപയായി കുറഞ്ഞതാണ് അദാനി സഹോദരൻമാ‍ർ മുന്നിലെത്താൻ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker