ബി.ജെ.പിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി; ചുമതലകളിൽനിന്ന് നീക്കി
പത്തനംതിട്ട: ബി.ജെ.പി.യിൽ ചേർന്ന ഫാ.ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി. നിലയ്ക്കൽ ഭദ്രാസനം ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. വെെദികനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കണമെന്നും കൗൺസിൽ ശുപാർശചെയ്തു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ. ഷൈജു.
ഫാ.ഷൈജു കുര്യന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നടപടിയെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികൾക്കിടയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.
നിലയ്ക്കൽ ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ വെള്ളിയാഴ്ച മുതൽ നിയമിക്കുമെന്ന് ഭദ്രാസന കൗൺസിൽ കൗൺസിൽ അറിയിച്ചു. ‘ഫാ.ഷൈജു കുര്യനെതിരായ അന്വേഷണത്തിന് ഒരു കമ്മീഷനെ നിയമിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് അപേക്ഷിക്കും. കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ ചുമതലകളിൽ നിന്നും നീക്കി’ – കൗൺസിൽ വ്യക്തമാക്കി.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വൈദികസ്ഥാനത്തുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ ഭദ്രാസന അധ്യക്ഷന്റെയോ അനുമതി വാങ്ങേണ്ടതുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും താത്പര്യങ്ങളുടെ പേരിൽ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ചർച്ചയ്ക്കെത്തുന്നത് സഭയുടെ കെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാൽ, അത്തരം സമീപനങ്ങളിൽ നിന്ന് വെെദികർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴുപ്പലക്കൽ സംസ്ക്കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും, സഭയിൽ നിന്നും നിർദേശിക്കുന്നവരും മാത്രം മാധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യം, ഫാ.ഡോ.തോമസ് വർഗീസ് അമയിൽ വ്യക്തമാക്കി.