2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും.
ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്.
പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മികച്ച നടന്മാരുടെ പട്ടികയില്‍ അവസാന റൗണ്ടിലെ പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലെന്ന് സൂചന. മൂന്ന് ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ഇരുവരേയും മികച്ച നടനുളള പുരസ്‌ക്കാര സാധ്യതയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജും ഇത്തവണ അവസാന റൗണ്ടിലുണ്ട് എന്നും സൂചനയുണ്ട്.
വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ പ്രകടനങ്ങള്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ കാഴ്ച വെച്ച വര്‍ഷമായിരുന്നു 2022. സാധാരണ കാഴ്ചക്കാര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും ഒരുപോലെ സ്വീകരിക്കപ്പെട്ട മികച്ച കഥാപാത്രങ്ങള്‍ താരത്തില്‍ നിന്നുണ്ടായി. റോഷാക്കിലെ ലൂക്ക് ആന്റണി, പുഴുവിലെ കുട്ടന്‍, നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജെയിംസ് എന്നീ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഇതുവരെ 7 തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുളളത്. സമീപവര്‍ഷങ്ങളിലൊന്നും മികച്ച നടനുളള പുരസ്‌ക്കാരം നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. 2002ല്‍ പാലേരി മാണിക്യത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവസാനമായി മികച്ച നടനുളള പുരസ്‌ക്കാരം ലഭിച്ചത്.
മമ്മൂട്ടിക്കൊപ്പം അവസാന റൗണ്ടിലുളള കുഞ്ചാക്കോ ബോബന് ഇതുവരെ മികച്ച നടനുളള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. രണ്ട് തവണ അദ്ദേഹത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ഇത്തവണ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്‌ക്കാര സാധ്യതയേറ്റുന്നത്. ഒപ്പം പട, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും കുഞ്ചാക്കോ ബോബന് കയ്യടി നേടാനായിരുന്നു.
ഇത് കുഞ്ചാക്കോ ബോബന്റെ ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടാനുളള മികച്ച അവസരമാണ്. എന്നാല്‍ മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യം കുഞ്ചാക്കോയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ജനഗണമന, തീര്‍പ്പ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പൃഥ്വിരാജ് മികച്ച നടനുളള പുരസ്‌ക്കാരത്തിന് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് തവണ മികച്ച നടനുളള സംസ്ഥാന പുരസ്‌ക്കാരം പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ വാസ്തവത്തിനും 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്കുമായിരുന്നു പുരസ്‌ക്കാരം. അതേസമയം മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് ഇവര്‍ മൂന്ന് പേരെയും മറികടന്ന് ഇന്ദ്രന്‍സോ അലന്‍സിയറോ മികച്ച നടനുളള അവാര്‍ഡ് നേടിയാലും അത്ഭുതപ്പെടാനില്ല.
ഉടല്‍ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതേസമയം അപ്പന്‍ എന്ന ചിത്രത്തിലെ മികച്ച വേഷം അലന്‍സിയര്‍ ലോപ്പസിനും പുരസ്‌ക്കാര സാധ്യത നല്‍കുന്നു. മികച്ച ചിത്രത്തിനുളള പുര്‌സക്കാരത്തിനായി മത്സരിക്കുന്നത് നന്‍പകല്‍ നേരത്ത് മയക്കം, അറിയിപ്പ്, ജയ ജയ ജയഹേ, സൗദി വെള്ളക്ക, ഇലവീഴാ പൂഞ്ചിറ അടക്കമുളള ചിത്രങ്ങളാണ്. ലിജോ ജോസ് പല്ലിശേരി അടക്കമുളളവര്‍ മികച്ച സംവിധായനുളള പുരസ്‌ക്കാരത്തിന് മത്സരിക്കുന്നു.