NationalNews

തമിഴ്‌നാട്ടില്‍ രണ്ടാം മന്ത്രിയും ഇ.ഡി കസ്റ്റഡിയില്‍ പൊന്‍മുടിയ്‌ക്കെതിരായ നടപടി മാരത്തണ്‍ റെയ്ഡിന് പിന്നാലെ

ചെന്നൈ: തമിഴ്‌നാട് മന്ത്രി പൊന്‍മുടിയെ ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ മുതല്‍ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെയാണ് പൊന്‍മുടിയെ ഇ ഡി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മന്ത്രിയെ ചോദ്യം ചെയ്യാനായി ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

2006 ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും വേണ്ടി അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി എന്നാണ് പൊന്‍മുടിക്കെതിരായ പരാതി. ഇതുവഴി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തി എന്ന കേസിലാണ് ഇ ഡിയുടെ നടപടി. 2012 ല്‍ ആണ് പൊന്‍മുടിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജയലളിതയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് പൊന്‍മുടിക്കെതിരെ കേസെടുത്തത്.

2006-11 കാലയളവില്‍ ഖനന മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പൊന്‍മുടിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും ക്വാറി ലൈസന്‍സിന് വ്യവസ്ഥകള്‍ ലംഘിച്ച് അനുതി നല്‍കിയെന്ന കേസും രജിസ്റ്റര്‍ ചെയ്തത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയാണ് ഇ ഡി ചെന്നൈയിലും വില്ലുപുരത്തുമുള്ള പൊന്‍മുടിയുടേയും മകന്‍ ഗൗതം സിഗാമണിയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്.

പൊന്‍മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തി. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇ ഡി അന്വേഷണം നേരിടുകയാണ് എം പി കൂടിയായ ഗൗതം സിഗാമണി. വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂര്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് പൊന്‍മുടി. ഗൗതം സിഗാമണി കള്ളക്കുറിച്ചി മണ്ഡലത്തിലെ എം പിയാണ്. നേരത്തെ തനിക്കെതിരായ ഇഡി നടപടിയില്‍ ഇളവ് ആവശ്യപ്പെട്ട് സിഗാമണി കേസിന്റെ വിചാരണ സ്റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി സിഗാമണിയുടെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു. മന്ത്രിയുടെ മകനും മറ്റ് കുടുംബാംഗങ്ങളും ഖനന/ക്വാറി ലൈസന്‍സ് നേടിയതായും ലൈസന്‍സുള്ളവര്‍ അനുവദനീയമായ പരിധിക്കപ്പുറം ഖനനം ചെയ്തതായുമാണ് ആരോപണം. ഹര്‍ജിക്കാരന്‍ കുറ്റം ചെയ്തുവെന്ന് അനുമാനിക്കാന്‍ കാരണമുണ്ടെന്നും അതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കാനാകില്ലെന്നുമാണ് ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നത്.

അതേസമയം ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലാണ് ഇ ഡിയെ വെച്ച് നടത്തുന്നത് എന്ന് ഡി എം കെ പറഞ്ഞു. ബി ജെ പിയുടെ നാശത്തിലേക്കുള്ള വഴി അവര്‍ തന്നെ തുറന്നു എന്നാണ് ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ പറഞ്ഞത്. ഗുഡ്ക അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ എഐഎഡിഎംകെ നേതാക്കള്‍ക്കെതിരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് എ ശരവണനും ആരോപിച്ചു.

നേരത്തെ തൊഴില്‍ പണമിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗതാഗത മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്കെതിരെ ഇഡി സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker