തോക്കെടുത്ത് നയൻതാര; ജവാനിലെ താരത്തിന്റെ ലുക്ക് വൈറൽ
മുംബൈ:പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജവാൻ. ഷാരൂഖ് ഖാൻ തന്നെയാണ് ഈ അറ്റ്ലി ചിത്രത്തിന്റെ പ്രധാന ആകർഷണം. ജവാന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ പ്രിവ്യു വീഡിയോ പുറത്തുവന്നത്.
സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയായിരുന്നു വീഡിയോയ്ക്ക് ലഭിച്ചതും. ആക്ഷൻ ചിത്രമായിട്ടാണ് ജവാൻ പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിത ജവാന്റെ പ്രിവ്യു വീഡിയോയ്ക്ക് പിന്നാലെ നയൻതാരയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒരു അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് ജവാനിൽ നയൻതാരയെത്തുക. പ്രിവ്യു വീഡിയോയിലും നയൻതാരയെ കാണാമായിരുന്നു. കൈയ്യിൽ തോക്കുമായി നിൽക്കുന്ന നയനെയാണ് പോസ്റ്ററിൽ കാണാനാവുക. കൊടുങ്കാറ്റിനു മുൻപ് വരുന്ന ഇടിമുഴക്കമാണ് അവൾ!- എന്നാണ് നയൻതാരയുടെ പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് കുറിച്ചിരിക്കുന്നത്. നിങ്ങളെ രണ്ടു പേരെയും സ്ക്രീനിൽ കാണാൻ ഇനിയും കാത്തിരിക്കാനാകില്ല എന്നാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകൾ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്.
വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. സെപ്റ്റംബർ 7 ന് ലോകമെമ്പാടും ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രമെത്തും.
ഇതിന് മുൻപ് പല സിനിമകളിലും നയൻതാര ആക്ഷൻ രംഗങ്ങളിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിലെ നയൻതാരയുടെ വേഷത്തെ കാണുന്നതും. മാത്രവുമല്ല നയനിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ജവാൻ.
പഠാന്റെ വിജയത്തിന് ശേഷം ഷാരൂഖ് എത്തുന്ന മറ്റൊരു ബിഗ് പ്രൊജക്ടാണ് ജവാൻ. ചിത്രത്തിലെ ഷാരൂഖിന്റെ ലുക്കിനേക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നിരുന്നു. ഷാരൂഖിന്റെ ഇതുവരെ കാണാത്ത ലുക്കും ഗെറ്റപ്പുമാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാനാവുക.
കഴിഞ്ഞ ദിവസം ഷാരൂഖിന് നന്ദി പറഞ്ഞ് അറ്റ്ലിയുമെത്തിയിരുന്നു. പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകളും സിനിമയിലുണ്ടാകും. മാസ് ആക്ഷൻ സീക്വൻസുകളും ഗാനങ്ങളുമെല്ലാം ചിത്രത്തിലുണ്ട്.