അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ, പുഴയിലിറങ്ങാൻ മാൽപെ സന്നദ്ധത അറിയിച്ചു- അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പ്രതിസന്ധിയിലാണെന്ന് ബന്ധുക്കൾ. അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനഃരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെന്നും പക്ഷേ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അർജുന്റെ ബന്ധു ജിതിൻ പറഞ്ഞു.

കാർഷിക സർവകലാശാലയിൽ നിന്നെത്തിയ സംഘം റിപ്പോർട്ട് കൊടുത്തെന്നും അതിന്റെ അവലോകനം വെള്ളിയാഴ്ച നടന്നെന്നുമാണ് അറിഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് അറിയച്ചതെന്നും ജിതിൻ പറഞ്ഞു.

കർണാടക സർക്കാരിൽനിന്ന് ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഈശ്വർ മാൽപെയുമായി ബന്ധപ്പെട്ടിരുന്നു. പുഴയിലിറങ്ങാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സർക്കാരിൽനിന്ന് അനുമതി ലഭിക്കാതെ ഇറങ്ങാൻ സാധിക്കുമോ എന്നതിൽ വ്യക്തതയില്ല. അനുമതിക്ക് കാത്തുനിൽക്കുന്നില്ലെന്നും സ്വന്തം റിസ്‌കിൽ തന്നെ ഇറങ്ങുമെന്നുമാണ് ഈശ്വർ മാൽപെ പറഞ്ഞത്.

മുമ്പ് പുഴയിലിറങ്ങുമ്പോൾ തന്റെ ജീവനെന്തെങ്കിലും സംഭവിച്ചാൽ സർക്കാരിന് ‍ഉത്തരാവാദിത്വമില്ലെന്ന് എഴുതികൊടുത്തിട്ടായിരുന്നു മാൽപെ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഡൈവേഴ്സിന് പരിക്ക് പറ്റിയതിനാൽ മൂന്ന് ഡൈവേഴ്സിനെയെങ്കിലും കണ്ടെത്തേണ്ടാതായിട്ടുണ്ടെന്നാണ് മാൽപെ അറിയിച്ചതെന്നും ജിതിൻ വ്യക്തമാക്കി.

എംഎൽഎയേയോ കളക്ടറെയോ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ശനിയാഴ്ച രാത്രി കർണാടകയിലേക്ക് തിരിക്കാനാണ് ഉദേശിക്കുന്നതെന്നും ജിതിൻ പറഞ്ഞ‍ു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News