KeralaNews

‘ഇപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായം അങ്ങോട്ട് പോവാതിരിക്കുക’ എന്നത്-മുരളി തുമ്മാരുകുടി

മാനതകളില്ലാത്ത പ്രകൃതി ദുരന്തം നേരിട്ട വയനാടിനോട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായം അങ്ങോട്ട് പോവാതിരിക്കുക എന്നതാണെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ദുരന്തത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ സഹായം പറ്റുമെങ്കില്‍ പണമായി അതും സര്‍ക്കാര്‍ വഴി അല്ലെങ്കില്‍ വിശ്വാസമുള്ള സംഘടനകള്‍ വഴിനല്‍കുക എന്നതാണെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമുഖത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആത്മവിശ്വാസം പകരാനും ദുരന്തത്തില്‍ അകപ്പെട്ടവരെ അവര്‍ ഒറ്റക്കല്ല എന്നുള്ള ബോധം കൊടുക്കാനും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അതുപോലുള്ള പ്രധാനപ്പെട്ടവരോ കുറച്ചു സമയത്തേക്ക് എത്തുന്നത് ശരിയാണ്. അത് രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി തടസ്സമുണ്ടാക്കാതെ, അധിക മാധ്യമസംഘങ്ങള്‍ ഇല്ലാതെ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വായിക്കാം

ദുരന്തങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്.
‘ഞങ്ങള്‍ സഹായത്തിനായി വരട്ടെ?’
‘എന്ത് സഹായമാണ് താങ്കള്‍ക്ക് ദുരന്ത പ്രദേശത്ത് ചെയ്യാന്‍ സാധിക്കുന്നത്?’
‘അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാന്‍ റെഡി ആണ്’
ദുരന്ത പ്രദേശം പ്രത്യേകമായ സ്‌കില്ലുകള്‍ വേണ്ട പ്രദേശമാണ്. അവിടെ ചെറിയ കാര്യങ്ങള്‍ ചെയ്യണം എങ്കില്‍ പോലും (ഭക്ഷണം കൊടുക്കുക), കുറച്ചു പരിചയത്തിന്റെ ആവശ്യമുണ്ട്. ദുരന്തങ്ങള്‍ നേരില്‍ കാണുമ്പോള്‍ അത് കൈകാര്യം ചെയ്യാനുള്ള മനഃസാന്നിധ്യം, ദുരന്തത്തില്‍ അകപ്പെട്ടവരോടുള്ള തന്മയീഭാവത്തോടുള്ള പെരുമാറ്റം എന്നിങ്ങനെ.
അതുകൊണ്ട് തന്നെ എന്നോട് ആവശ്യം പറയുന്നവരോട് ഞാന്‍ പറയാറുള്ളത് ഇതാണ്.
‘ഇപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായം ഇങ്ങോട്ട് വരാതിരിക്കുക എന്നതാണ്. ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ സഹായം പറ്റുമെങ്കില്‍ പണമായി (അതും സര്‍ക്കാര്‍ വഴി അല്ലെങ്കില്‍ വിശ്വാസമുള്ള സംഘടനകള്‍ വഴി) നല്‍കുക’
പലര്‍ക്കും ഇത് വിഷമമായി തോന്നും. പക്ഷെ ഇതാണ് നമ്മള്‍ ചെയ്യേണ്ടത്.
ദുരന്തമുഖത്തുള്ള ജോലി പരിശീലനം ലഭിച്ചവരുടെ ആണ്. അവരെ സഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ആകാം. ദുരന്തമുഖത്തെ ആവശ്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുള്ളവര്‍ വേണം. ദുരന്തമുഖത്ത് മാധ്യമങ്ങളുടെ ആവശ്യമുണ്ട്, കാരണം ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ അറിയിക്കേണ്ടതുണ്ട്,, അങ്ങനെയാണ് വേണ്ട സഹായങ്ങള്‍ വരുന്നത്. രക്ഷാപ്രവര്‍ത്തനത്തിലോ മറ്റു കാര്യങ്ങളിലോ പോരായ്മ ഉണ്ടെങ്കില്‍ അതും പുറം ലോകം അറിയേണ്ടതുണ്ട്. പക്ഷെ രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തനം പാടില്ല.
ദുരന്തമുഖത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആത്മവിശ്വാസം പകരാനും ദുരന്തത്തില്‍ അകപ്പെട്ടവരെ അവര്‍ ഒറ്റക്കല്ല എന്നുള്ള ബോധം കൊടുക്കാനും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെ (ഏറെ കുറച്ചു സമയത്തേക്ക്) എത്തുന്നത് ശരിയാണ്. അത് രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി തടസ്സമുണ്ടാക്കാതെ, അധിക മാധ്യമസംഘങ്ങള്‍ ഇല്ലാതെ ആയിരിക്കണം.
ബാക്കിയുള്ളവര്‍ ഒക്കെ അങ്ങോട്ട് വരുന്നതിന് മുന്‍പ് സ്വയം ചിന്തിക്കണം. ഞാന്‍ അവിടെ എത്തുന്നത് ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് സഹായകം ആകുമോ അതോ ബുദ്ധിമുട്ടുണ്ടാക്കുമോ?
നമ്മള്‍ ദുരന്തമുഖത്ത് ഓടിയെത്തുന്നത് അവിടുത്തെ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നോ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നോ തോന്നിയാല്‍ അങ്ങോട്ട് പോകാതിരിക്കുന്നതാണ് ശരി.
ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മറ്റുള്ളവര്‍ തിരക്കിടേണ്ട കാര്യമില്ല. വേറെയും വിഷയങ്ങള്‍ വരും. മാധ്യമങ്ങള്‍ ഒക്കെ അവിടെ നിന്നും പോകും. അന്നും ദുരന്തത്തില്‍ അകപ്പെട്ടവരുടെ ദുരിതം തുടര്‍ന്നുകൊണ്ടേ ഇരിക്കും. അപ്പോള്‍ അവര്‍ക്ക് ആശ്വാസമായി പോകാനുള്ള ഓര്‍മ്മയും മനസ്സും ഉണ്ടെങ്കില്‍ അതാണ് നല്ല കാര്യം. ഷിരൂരിലെ ദുരന്തമുഖത്തോ അവരുടെ വീട്ടുകാരുടെ അടുത്തോ ഒക്കെ നാം ആരെയെങ്കിലും കാണുന്നുണ്ടോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker