തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴ. പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ,വയനാട് കണ്ണൂർ ,കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. നാളെ കണ്ണൂർ , വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട്. കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45 – 55 കിലോമീറ്റർ വരെ വേഗതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ശരാശരി 69.9 മി.മീ മഴയാണ് ലഭിച്ചത്. കോട്ടയം കിടങ്ങൂരിലാണ് കൂടുതല്‍ മഴപെയ്തത്, 199 മില്ലി മീറ്റർ വരെ. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു . കൂടാതെ കേരള തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു . ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്കോ സാധ്യത ഉണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതികള്‍ നേരിടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെമഴക്കെടുതികള്‍ നേരിടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയിൽ ജലനിരപ്പെത്തിയാൽ ജലം തുറന്നുവിടുമെന്നതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.
കല്ലാ൪കുട്ടി ഡാമിലെ ഷട്ടറുകൾ തുറന്നു
മഴ ശക്തമായതോടെ കല്ലാ൪കുട്ടി ഡാമിൽ 2 ഷട്ടറുകൾ തുറന്നു. 30 , 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളതെന്ന് കളക്ടർ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ജൂൺ 27 നു രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇതു മുൻനിർത്തി ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.
കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ മഴക്കെടുതി വിവരങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം സജീവമായി. 0471-2317214 ആണ് കൺട്രോൾ റൂം നമ്പർ. മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ, വെള്ളക്കെട്ടുകൾ, മറ്റ് പ്രശ്‌നങ്ങൾ, പെട്ടെന്നുണ്ടാവുന്ന പകർച്ചവ്യാധികൾ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാം.