കൊച്ചി: പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പറവൂര്‍ ചേന്ദമംഗലം കൊല്ലനാ പറമ്പിൽ ജോർജ് (57) ആണ് മരിച്ചത്. മൂന്നു ദിവസം മുന്‍പ് ആശുപത്രി വിട്ടിരുന്നു. ഇന്നലെ വീട്ടില്‍ വച്ചാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍നിന്നാണ് ജോര്‍ജിന് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽനിന്ന് കുഴിമന്തി, അല്‍ഫാം, ഷവായി എന്നിവ കഴിച്ച എഴുപതിലേറെ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി 16നാണ് ജോര്‍ജ് ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. വയറു വേദനയെ തുടര്‍ന്ന് 19ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27നാണ് ആശുപത്രി വിട്ടത്. 28ന് മരിക്കുകയും ചെയ്തു.
ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയ മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരന്‍ കാസര്‍കോട് മൈപ്പാടി ഖാഷിദ് മന്‍സിലില്‍ ഹസൈനാരെ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിന്റെ ലൈസന്‍സിക്കെതിരെ കേസെടുത്തു. ഹോട്ടലിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.