കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന് കൂടി പരിഹാരം കാണണമെമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എം പിയെ സന്ദർശിച്ചത്.
നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ് കൊല്ലത്തേയ്ക്ക് നീട്ടണമെന്നും നിലവിൽ വൈകുന്നേരം 06.40 ന് എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന പാലരുവിയ്‌ക്ക് ശേഷം ചങ്ങനാശ്ശേരി, തിരുവല്ല ഭാഗത്തേയ്ക്ക് മറ്റു ട്രയിനുകൾ ഇല്ലെന്നും വലിയ ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നതെന്നും ശ്രീജിത്ത് കുമാർ ശ്രദ്ധയിൽപ്പെടുത്തി.
പുതിയ മെമുവിന് എല്ലാ ഹാൾട്ട് സ്റ്റേഷനിലെയും സ്റ്റോപ്പിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തിയ അസോസിയേഷൻ ഭാരവാഹികൾക്ക് അടിയന്തിരമായി സ്റ്റോപ്പ് പരിഗണിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മെമുവിന് കാഞ്ഞിരമറ്റം സ്റ്റേഷനിലെ സ്റ്റോപ്പിന്റെ ആവശ്യകതയും നേരിടുന്ന പ്രാദേശിക അസൗകര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
വൈകുന്നേരം വേണാട് എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന സമയം 05.30 ലേക്ക് മാറ്റണമെന്നും ഷൊർണുർ മുതലുള്ള സമയം പുന ക്രമീകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. അഞ്ചുമണിയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയാൽ പോലും ട്രെയിൻ ലഭിക്കാത്ത അവസ്ഥയാണെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ റെയിൽ യാത്രാക്ലേശം പരിഹരിക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. നാളത്തെ ഉദ്ഘാടനയാത്രയിൽ എറണാകുളം വരെ നടക്കുന്ന സ്വീകരണ പരിപാടികളിൽ യാത്രക്കാർക്ക് വേണ്ടി ഔദ്യോഗികമായി ക്ഷണിക്കാനും കൂടിയാണ് ചെങ്ങന്നൂരിലെ ഓഫീസിലെത്തി എം പി യെ യാത്രക്കാർ സന്ദർശിച്ചത്.