പാലക്കാട്: ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ രണ്ടു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. പാലക്കാട് പുതുശ്ശേരി കൂട്ടുപാതയിലാണ് അസം സ്വദേശിയായ അമ്മ രണ്ടുമാസം പ്രായമുള്ള പെൺ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു വർഷം മുമ്പാണ് തൊഴിൽ അന്വേഷിച്ച് അസം സ്വദേശികളായ ദമ്പതികൾ പാലക്കാട് കൂട്ടുപാതയിലെത്തിയത്. രണ്ടു മാസം മുമ്പ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ഇരുവരും ജോലിക്ക് പോകുന്നതിനാൽ കുഞ്ഞിനെ പരിചരിക്കാൻ പറ്റാതെ വന്നതോടെ ഒരു മാസം മുമ്പ് നാലായിരം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. പിന്നീട് കുഞ്ഞിനെ പരിചരിക്കാമെന്ന് എഴുതി നൽകിയതോടെയാണ് അന്ന് ദമ്പതികൾക്ക് പൊലീസ് കുഞ്ഞിനെ വിട്ടു നൽകയത്.
സംഭവം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇവർ താമസിക്കുന്ന കെട്ടിടത്തിന് താഴെയുള്ള ലോട്ടറി വിൽപനക്കാരി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുസംരക്ഷണ സമിതി ഉത്തരവു പ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കസബ പൊലീസ് അറിയിച്ചു.