ഇംഫാൽ: മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഈ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽനിന്ന് ആൾക്കൂട്ടം ബലമായി പിടികൂടിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൊലീസുകാർ തങ്ങളെ ജനക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഈ സ്ത്രീകളിൽ ഒരാൾ നടത്തിയ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.
ഒരു വ്യാജ വിഡിയോ സൃഷ്ടിച്ച പ്രകോപനമാണ് ഇത്തരമൊരു ക്രൂരതയ്ക്ക് ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഈ സ്ത്രീകളിൽ ഒരാളുടെ സഹോദരനെ ഇതേ ആൾക്കൂട്ടം അതേ ദിവസം തന്നെ ക്രൂരമായി കൊലപ്പെടുത്തിയതായും വ്യക്തമായി.
മേയ് നാലിന് സുരക്ഷിത സ്ഥാനം തേടി വനപ്രദേശത്തേക്കു രക്ഷപ്പെടാൻ ശ്രമിച്ച ഒരു ചെറിയ സംഘത്തിൽ അംഗങ്ങളായിരുന്നു ഈ സ്ത്രീകളെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. അൻപത്താറുകാരനായ പിതാവും 19കാരനായ മകനും 21കാരിയായ മകളുമാണ് ഇവർ. 42, 52 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്.
വനത്തിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവർ ഒരു പൊലീസ് സംഘത്തെ കണ്ടുമുട്ടിയതായി എഫ്ഐആറിൽ പറയുന്നു. ഇവർക്കൊപ്പം 2 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്കു പോകുമ്പോഴാണ് 800–1000 പുരുഷൻമാർ ഉൾപ്പെടുന്ന സംഘം ഇവരെ തേടിയെത്തിയത്. സംഘത്തിലുണ്ടായിരുന്ന 19കാരനെ പൊലീസിനു മുന്നിലിട്ട് ആൾക്കൂട്ടം കൊലപ്പെടുത്തി. തന്റെ സഹോദരിയെ പിടികൂടാനുള്ള ആൾക്കൂട്ടത്തിന്റെ ശ്രമത്തെ ചെറുക്കുമ്പോഴാണ് 19കാരൻ കൊല്ലപ്പെട്ടത്.
ഇതിനു പിന്നാലെ സംഘത്തിലെ ഒരു സ്ത്രീയെ അക്രമിസംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും പൊലീസിനു ലഭിച്ച പരാതിയിൽ പറയുന്നു. മേയ് 18ന് തന്നെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് മേയ് 21ന് സംഭവം നടന്ന സ്ഥലം ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി.
അതിനിടെ, തങ്ങളുടെ കൂട്ടത്തിൽപ്പെട്ട സ്ത്രീകളിൽ ചിലരെ എതിർ വിഭാഗക്കാർ ബലാത്സംഗം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ പ്രകോപനത്തിലാണ് ആൾക്കൂട്ടം ഈ സ്ത്രീകളെ തേടിച്ചെന്നതെന്നും സൂചനയുണ്ട്. എന്നാൽ, ഈ വിഡിയോ വ്യാജമായിരുന്നുവെന്നാണ് സൂചന.
തലസ്ഥാനമായ ഇംഫാലിൽ നിന്ന് 5 കിലോമീറ്റർ അകലെ കാൻഗ്പോക‌്പി ജില്ലയിലാണ് സംഭവം നടന്നത്. മേയ് ആദ്യം മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്നരായ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണ് പുറത്തായ വിഡിയോയിലുള്ളത്. മെയ്തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎൽഎഫ് ആരോപിച്ചിരുന്നു.