കണ്ണൂര്‍: വടകര കെകെ ശൈലജ ടീച്ചര്‍ക്കുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ പുരോഗമന ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ് കെകെ ശൈലജ. മഹാമാരികളെയും പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിന്റെ അതിജീവനശക്തിയുടെ മുഖമാണ് ശൈലജയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനാരോഗ്യ രംഗത്തും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ രംഗത്തും ഈയിടെ കേരളം കൈവരിച്ച വലിയ നേട്ടങ്ങൾക്ക് പിറകിലെ പ്രധാനി കൂടിയാണ് ശൈലജ. കേരളത്തിന്റെ സ്വന്തം ശൈലജ ടീച്ചറാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.
ടീച്ചറുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുറമേരി, കൊയിലാണ്ടി, പാനൂർ തുടങ്ങിയയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പങ്കെടുത്തു. നേരായ വഴിയിൽ വിജയം സാധ്യമല്ലെന്ന് കണ്ടപ്പോൾ ടീച്ചർക്കെതിരെ അപവാദപ്രചാരണങ്ങളുമായി ഇറങ്ങിയവർക്കുള്ള മറുപടിയാണ് ഇന്നത്തെ പരിപാടികളിൽ കണ്ട ജനപങ്കാളിത്തം. ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുമുള്ളൂ എന്ന് കുറിപ്പിലൂടെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യപ്പെടാനാകാത്ത വിധത്തിൽ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജയുടെ സ്വീകാര്യത ഉയർന്നുവെന്ന് പേരാബ്ര മണ്ഡലം പ്രചാരണറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇടതുതരംഗമാണ്. ശൈലജയുടെ സ്ഥാനാർഥിത്വത്തിന് വലിയ സ്വീകാര്യതയാണ് ഉണ്ടായത്. ഇതോടെ എതിരാളികൾ തെറ്റായ മാർഗത്തിൽ നേരിടാൻ ശ്രമം ആരംഭിച്ചു. എന്നാൽ ഇതവരെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വടകര മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളും ശൈലജയെ നെഞ്ചിലേറ്റി. നമ്മുടെ നാടിൻ്റെ സാംസ്കാരിക നിലവാരത്തിന് അനുസരിച്ചുള്ള നടപടികൾ മാത്രമേ കേരളം അംഗീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.