ഇടുക്കി: നീണ്ട പതിമൂന്നു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യമേട്ടില്‍ നിന്നാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ആനയെ കണ്ടെത്താൻ സാധിക്കാതെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച ശേഷമാണ് അരിക്കൊമ്പനുള്ള സ്ഥലം കണ്ടെത്തിയത്.
നിലവിൽ അരിക്കൊമ്പൻ ഉള്ള ശങ്കരപാണ്ഡ്യ മേട്ടിൽനിന്ന് കൊമ്പനെ ആനയിറങ്കല്‍ ഡാം കടത്തി 301 കോളനിയിലെ ദൗത്യമേഖലയില്‍ എത്തിക്കാനാണ് ഇനിയുള്ള ശ്രമം. വളരെ ദുഷ്‌കരമായ ഉദ്യമമാണ് ഇതെന്നാണ് വനംവകുപ്പ് പറയുന്നത്. ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് മൂന്നാര്‍ ഡി.എഫ്.ഒ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.30- ഓടെ അരിക്കൊമ്പനെ പൂട്ടാനായി മിഷന്‍ ആരംഭിച്ചെങ്കിലും കൊമ്പനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ ആനക്കൂട്ടത്തെ കണ്ടെത്തിയിരുന്നെങ്കിലും അതിലുണ്ടായിരുന്നത് ചക്കക്കൊമ്പനായിരുന്നു. ഒടുവില്‍ ദൗത്യം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് അരിക്കൊമ്പൻ ഉള്ള സ്ഥലം തിരിച്ചറിയാനായത്. കഴിഞ്ഞ തവണ ദൗത്യം പ്രഖ്യാപിച്ചപ്പോഴും അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട് മേഖലയിലേക്ക് പോയിരുന്നു.
ഇപ്പോൾ ആര്‍.ആര്‍.ടി സംഘങ്ങള്‍ ശങ്കരപാണ്ഡ്യമേട് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘാഗങ്ങളുടെ പൂര്‍ണ നിരീക്ഷണത്തിലാണ് കൊമ്പന്‍. എന്നാൽ, ശങ്കരപാണ്ഡ്യമേട്ടില്‍ വെച്ച് മയക്കുവെടിവെക്കുക എന്നത് അസാധ്യമാണ്. അതിനാല്‍ തന്നെ ദൗത്യമേഖലയിലേക്ക് ആനയെ എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്.
സാധാരണഗതിയില്‍ ശങ്കരപാണ്ഡ്യമേട്ടിലേക്കു കയറിയാല്‍ രണ്ടാഴ്ചയോളം അവിടെ ചെലവഴിക്കുകയാണ് അരിക്കൊമ്പന്‍റെ ശീലമെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ അരിക്കൊമ്പനെ 301 കോളനിയിലെത്തിക്കുക എന്ന കടമ്പ വനംവകുപ്പിന് ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള സാറ്റലൈറ്റ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചിരുന്നു. ചിന്നക്കനാല്‍ സിമന്റ് പാലത്തില്‍ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പന്‍ പിന്നീടാണ് കാഴ്ചയില്‍ നിന്ന് മറഞ്ഞത്. കൂടെ ഉണ്ടായിരുന്ന ആനക്കൂട്ടത്തെ പെരിയകനാലില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇതില്‍ അരിക്കൊമ്പനെ മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ മുളന്തണ്ടില്‍ ഒരു വീട് ആന ആക്രമിച്ച വിവരങ്ങളും പുറത്തുവന്നു.
സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം. അതേസമയം, ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം രഹസ്യമായാണ് നടപടികള്‍.