കാസർകോടിനെക്കുറിച്ച് വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് രഞ്‍ജിത്ത്
കൊച്ചി: മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടയാത് എന്ന നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പ്രസ്‍താവന വിവാദമായിരുന്നു. ഇപ്പോള്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് രഞ്‍ജിത്ത് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലാണ് രഞ്ജിത്ത് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ് എന്നാണ് രഞ്‍ജിത്ത് വിവാദ പ്രസ്താവനയെക്കുറിച്ച് പറയുന്നത്.
രജപുത്ര രഞ്‍ജിത്തിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്.
എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.
രഞ്‍ജിത്തിന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെയായിരുന്നു
യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കാസർകോടിനെ പറ്റിയുള്ള എം രഞ്ജിത്തിന്റെ പരാമർശം. നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും ശ്രീനാഥ് ഭാസിയും ഷെയ്‍ൻ നിഗവും നിര്‍മാതാക്കളുള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ,
“സിനിമ മേഖലയിൽ മാത്രമല്ല, ദിനവും പത്രങ്ങളിൽ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്. ഇപ്പോൾ കുറേ സിനിമകൾ എല്ലാം തന്നെ കാസർകോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാൽ ഈ സാധനം വരാൻ എളുപ്പമുണ്ട്. മംഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാൻ.
ഷൂട്ടിംഗ് ലൊക്കേഷൻ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസർകോടിന്റെ കുഴപ്പമല്ല. കാസർകോടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം ബാംഗ്ലൂരെന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇൻസ്ട്രിയിൽ നടക്കുന്നു എന്നത് സത്യമാണ്”, എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.