കോട്ടയം: പുതുപ്പള്ളിയിൽ വമ്പൻ രാഷ്ട്രീയ കരുനീക്കവുമായി ഇടതുമുന്നണി. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. സ്ഥാനര്‍ത്ഥി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. സ്ഥാനാർഥിത്വം ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരനുള്ള അംഗീകാരമാണ്. ചാണ്ടി ഉമ്മനായി മുഴുവൻ സമയ പ്രചാരണത്തിനിറങ്ങുമെന്നും അച്ചു പറഞ്ഞു.
കുപ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും. വികസനവും കരുതലും ഒരുമിച്ച് കൊണ്ട് പോയത് കൊണ്ടാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ 53 വർഷം പ്രതിനിധീകരിച്ചത്. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. ഈ കുപ്രചാരണങ്ങൾക്ക് പുതുപ്പള്ളിയിലെ ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് എത്തിയതല്ല. ഇനിയും ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ മുന്നറിയിപ്പ് നൽകി.
പുതുപള്ളിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി ഈ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നത്. രാഷ്ട്രീയമായും ആശയപരമായും തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായതോടെ യുഡിഎഫ് മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. പ്രചാരണ പ്രവർത്തനം ആരംഭിച്ച പ്രവർത്തകർ സമൂഹമാധ്യമങ്ങളിലും സജീവമായി. പാർട്ടി ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരുമടക്കമുള്ള പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നാണ് കോൺഗ്രസും യുഡിഎഫും വ്യക്തമാക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തുവന്നു. മണർകാട് പള്ളി തിരുന്നാളിനോട് അനുബന്ധിച്ച് തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന ആവശ്യം ശക്തമായത്. തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും അപേക്ഷ നൽകിയതായി അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ കെ രാജു അറിയിച്ചു.