കൊച്ചി: കോൺഗ്രസ് (Congress) തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല എന്ന് സിപിഐ (CPI) നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം (Binoy Viswam) അഭിപ്രായപ്പെട്ടു. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയിൽ പി ടി തോമസ് അനുസ്മരണത്തിൽ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.
ഇന്ത്യയിൽ ബിജെപിക്കും സംഘപരിവാറിനും ബദൽ ഇടതുപക്ഷം എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കോൺഗ്രസിന് അതിന് സാധിക്കില്ല. കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥലത്ത് ഇടതുപക്ഷമാണ് ശക്തി പ്രാപിക്കുന്നതെന്നും നേതാക്കൾ അവകാശപ്പെടാറുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, കെ വി തോമസ്, വി എം സുധീരൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സിപിഐഎമ്മിൽ നിന്നും കൊച്ചി മേയർ എം അനിൽകുമാറും സന്നിഹിതനായി.