മീററ്റ്: മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിക്ക് (Major Dhyan Chand Sports University) ശിലാസ്ഥാപന ചടങ്ങില്‍ ജിംനേഷ്യം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു . ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദര്‍ശനം നടന്നുകാണുന്നതിനിടെയാണ് പ്രധാനമന്ത്രി ജിമ്മിൽ വ്യായാമം ചെയ്തത്, ഇതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഫിറ്റ് ഇന്ത്യ സന്ദേശം നൽകുകയാണ് പ്രധാനമന്ത്രിയെന്നാണ് ഈ ദൃശ്യങ്ങള്‍ക്കുള്ള ചില കമന്‍റുകള്‍.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ (Meerut) മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഞായറാഴ്ച തറക്കല്ലിട്ടത്. കായിക സര്‍വകലാശാല മേജർ ധ്യാൻചന്ദിന് (Major Dhyan Chand) സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയില്‍ ലക്ഷ്യമിടുന്നു.
‘വര്‍ഷാരംഭത്തില്‍ മീററ്റ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ മറ്റേതൊരു തൊഴില്‍ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശവെക്കണം. അതാണ് തന്‍റെ ആഗ്രഹവും സ്വപനവും. യോഗി സർക്കാര്‍ വരുന്നതിന് മുന്‍പ് യുപിയില്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നതെ’ന്നും മോദി കൂട്ടിച്ചേര്‍ത്തു.
32 കായിക താരങ്ങളുമായി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ഉത്തര്‍പ്രദേശിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് മീറ്ററിലെത്തിയത്.