കൊച്ചി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന ഭൂമി റവന്യൂ വകുപ്പ് വെള്ളിയാഴ്ച അളക്കും. വിജിലന്‍സ് നിര്‍ദേശപ്രകാരമാണ് നടപടി. താലൂക്ക് സര്‍വേയര്‍ ഭൂമി അളക്കാനുള്ള നോട്ടീസ് എം.എല്‍.എയ്ക്ക് നല്‍കി. കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭൂമി അളക്കാനുള്ള നടപടി.
അനധികൃമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് കാണിച്ച് നേരത്ത ഡി.വൈ.എഫ്.ഐ നേതാവ് പരാതി നല്‍കിയിരുന്നു. ഇതിലേ അന്വേഷണത്തിന്റെ ഭാഗമായാണ് ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമി ഉള്‍പ്പെടെ അളന്ന് വിവരങ്ങള്‍ ശേഖരിച്ചുനല്‍കണമെന്ന് റവന്യൂവകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവില 11 മണിയോടെ ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥരെത്തും.
അതിനിടെ മാത്യു കുഴല്‍നാടനെതിരേ കൂടുതല്‍ ആരോപണവുമായി സിപിഎം എറണാകളും ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തെത്തി. ചിന്നക്കനാലിലെ റിസോട്ടും ഭൂമിയും ഏകദേശം ഏഴ് കോടി രൂപ വിലവരുന്നതാണ്. എന്നാല്‍ മാത്യു തന്റെ 50 ശതമാനം വിഹിതം അനുസരിച്ചുള്ള സ്റ്റാബ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും മാത്രമാണ് അടച്ചിരിക്കുന്നതെന്നും ഇതിലൂടെ സംസ്ഥാനത്തിന് വലിയ നികുതി നഷ്ടം ഉണ്ടായെന്നും സിഎന്‍ മോഹനന്‍ ആരോപിച്ചു. വരുമാനത്തിന്റെ 30 ഇരട്ടിയോളം അധിക സ്വത്ത് മാത്യുവിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കുഴല്‍നാടനെതിരേയുള്ള പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂവാറ്റുപുഴ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.