യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടെ ഉണ്ടായിരുന്ന ആണ്‍സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി: അടിമാലിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അറസ്റ്റുചെയ്തു. വാളറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ രാജീവിനെയാണ് അടിമാലി പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. അടിമാലി പൊളിഞ്ഞപാലം സ്വദേശിനി ആറുകണ്ടത്തില്‍ ശ്രീദേവി (27) യാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ശ്രീദേവി തൂങ്ങിമരിച്ച വിവരം അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അറിയുന്നത്. ഇതോടെ വീട്ടുടമസ്ഥനെ അടക്കം വിവരമറിയിച്ചു. എന്നാല്‍, പോലീസ് സംഘം സ്ഥലത്ത് എത്തുന്നതിന് മുന്‍പേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് യുവതിയെ താഴെ ഇറക്കിയിരുന്നു.

ഇതോടെയാണ് അയല്‍വാസികള്‍ സംശയം അറിയിച്ചത്. തുടര്‍ന്ന് അടിമാലി പോലീസും ഇടുക്കി ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്നാണ് കൂടെ താമസിച്ചിരുന്ന വാളറ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തത്.

ആത്മഹത്യ പ്രേരണക്കുറ്റം, ഗാര്‍ഹീക പീഡനം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ശ്രീദേവിയെ മര്‍ദ്ദിച്ചതായി പോലീസ് കണ്ടെത്തി. കൂടാതെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും വ്യക്തമായിട്ടുണ്ട്.

അടിമാലി എസ്.എച്.ഒ ക്ലീറ്റസ് കെ. ജോസഫിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ പ്രവീണ്‍ പ്രകാശ്, എസ്.ഐ ടി.എം അബ്ബാസ്, എ.എസ്.ഐ ഷാജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ശ്രീദേവിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News