InternationalNews

‘സംഗീതം അധാർമികം, യുവാക്കളെ വഴിതെറ്റിക്കും’; സംഗീതോപകരണങ്ങൾക്ക് തീയിട്ട് താലിബാൻ

കാബൂൾ: യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആരോപിച്ച് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് തീയിട്ടു. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശ്യയിലാണ് സംഭവം. സംഗീതം അധാർമികമാണെന്നും അത് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. സംഗീതോപകരണങ്ങൾക്ക് തീയിട്ട ദൃശ്യങ്ങൾ പുറത്തുവിട്ടു.

ഹെറാത്ത് പ്രവശ്യയിലെ ഒരു നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ നിന്ന് ശേഖരിച്ച സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഗിറ്റാർ, രണ്ട് തന്ത്രിവാദ്യങ്ങൾ, ഒരു ഹാർമോണിയം, തബല, ഡ്രം, ആംപ്ലിഫയറുകൾ, സ്പീക്കറുകൾ എന്നിവയാണ് കത്തിച്ചത്.

സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് ധാർമ്മികമായ കാര്യമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം മേധാവി അസീസ് അൽ റഹ്മാൻ അൽ മുഹാജിർ പറഞ്ഞു. യുവാക്കളെ വഴിതെറ്റിക്കുന്നതാണ് സംഗീതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സൈന്യം അഫ്ഗാൻ വിട്ടതോടെ താലിബാൻ ഭരണം ഏറ്റെടുത്തതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് സംഗീതം വെക്കുന്നത് നിരോധിച്ചിരുന്നു. രാജ്യത്തെ ബ്യൂട്ടി പാർലറുകൾ ആഴ്ചകൾക്ക് മുൻപാണ് പൂർണമായും പൂട്ടിയത്.

പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. ബ്യൂട്ടീഷ്യൻമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും പ്രതിഷേധവുമായി എത്തിയെങ്കിലും ആകാശത്തേക്ക് വെടിയുതിർത്ത് പ്രതിഷേധക്കാരെ താലിബാൻ ഭയപ്പെടുത്തി മടക്കിയയച്ചു.

കഴിഞ്ഞ ഡിസംബറിൽ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നത് താലിബാൻ വിലക്കിയിരുന്നു. പെൺകുട്ടികൾ ആറാം ക്ലാസ് വരെ മാത്രം പഠിച്ചാൽ മതിയെന്നതാണ് താലിബാന്റെ നയം. ഭർത്താവോ മാതാപിതാക്കളോ ഒപ്പമില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ എത്തുന്നതിനും വിലക്കുണ്ട്. വനിതാ എൻജിഒകളുടെ പ്രവർത്തനങ്ങളും നിർത്തിവച്ചു.

അഫ്ഗാനിസ്ഥാനിൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം വിദ്യാർഥികളെ വിലക്കിയിരുന്നു. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker