കൊവാക്‌സിനും കൊവിഷീല്‍ഡും ഇടകലര്‍ത്തി ഉപയോഗിയ്ക്കുന്നത് ഫലപ്രദമെന്ന് ഐ.സി.എം.ആര്‍

ന്യുഡല്‍ഹി: കൊവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കൊവാക്സിനും, കൊവിഷീൽഡും കൂട്ടി കലർത്താം. മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. അതേസമയം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല അറിയിച്ചു. കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും അധർ പുനെവാല പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,27,862 പേർ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 13 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അമേരിക്കന്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. നിലവില്‍ ഇന്ത്യയില്‍ അഞ്ച് ഇയുഎ വാക്‌സിനുകള്‍ ഉണ്ട്. ഇത് കൊവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം നടത്തുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിനാണിത്. ഇന്ത്യയില്‍ ജാന്‍സെന്‍ വാക്‌സിന്റെ പരീക്ഷണത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഏപ്രിലില്‍ അനുമതി തേടിയിരുന്നു.ഈ സമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചത്.

സംസ്ഥാനത്ത് ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. ഇതിന്‍റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ഈ യജ്ഞത്തിന്‍റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.

ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്സിനുകളില്‍ നിന്നും ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സിനേഷന്‍ ആഗസ്ത് പതിനഞ്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസ്സാണ് പൂര്‍ത്തീകരിക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ചെന്നാണ് വാക്സിന്‍ നല്‍കുക.

നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News