ഭര്‍ത്താവിനെ വഴി തെറ്റിയ്ക്കുന്നു,അയല്‍വാസിയെ ആക്രമിയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്കുദ്യോഗസ്ഥ ഒളിവില്‍

കണ്ണൂര്‍: അയല്‍വാസിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി ബാങ്ക് ഉദ്യോഗസ്ഥ. പൊലീസുകാരനായ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു എന്നാരോപിച്ച് കണ്ണൂര്‍ സ്വദേശി സീമ എന്‍വി ആണ് അയല്‍വാസിയായ പരിയാരം സ്വദേശി സുരേഷ് ബാബുവിനെ ആക്രമിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. മൂന്ന് ലക്ഷം രൂപയ്ക്ക് നല്‍കിയ ക്വട്ടേഷനില്‍ സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റു.
നാലുമാസം മുമ്പാണ് ആക്രമണം നടന്നത്.

ആക്രമണം നടത്തിയ ആളുകള്‍ പൊലീസ് പിടിയിലായെങ്കിലും സീമ ഒളിവില്‍ തുടരുകയാണ്. രാത്രിയില്‍ വീട്ടു വരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച് സുരേഷ് ബാബു മുറ്റത്തേക്ക് കുഴഞ്ഞു വീണുപോയി. നാല് മാസം മുന്‍പ് നടന്ന ആക്രമണത്തിന്റെ നടുക്കത്തിലാണ് ഇന്നും സുരേഷ് ബാബു.

അയല്‍ക്കാരനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലായി. ഭര്‍ത്താവും സീമയും തമ്മില്‍ കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭര്‍ത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ഇതോടെയാണ് സുരേഷിനെ ആക്രമിക്കാന്‍ സീമ പദ്ധതിയിട്ടത്. ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവര്‍ പൊലീസിന്റെ പിടിയിലായി. പക്ഷെ സീമ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യംകിട്ടും വരെ അറസ്റ്റ് ചെയ്യാതെ പരിയാരം പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് സുരേഷ് ബാബുവും ബന്ധുക്കളും ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News