KeralaNews

ADANI:അദാനിക്കു നൽകാൻ സർക്കാർ 850 കോടി വായ്പയെടുക്കും,കാരണമിതാണ്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണത്തിന് അദാനി ഗ്രൂപ്പിനു നൽകാൻ സർക്കാർ 850 കോടി അടിയന്തരമായി വായ്പയെടുക്കുന്നു. പദ്ധതിക്കായി ഒരാഴ്ചയ്ക്കകം 850 കോടി രൂപ അദാനി ഗ്രൂപ്പിനു കൈമാറാനാണ് സർക്കാർ തീരുമാനം. ഹഡ്‌കോയിൽനിന്നോ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ഇരുകൂട്ടരുമായുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽ മാത്രമേ നടത്തിപ്പ് സർക്കാരിലേക്ക്‌ എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹഡ്‌കോയിൽനിന്നു വായ്പയെടുത്താൽ 16 വർഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാൽ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശ മാത്രം നൽകിയാൽ മതിയാകും.

പദ്ധതിയുടെ പൂർത്തീകരണത്തിന് ഇനി 1000 കോടി രൂപയും വിഴിഞ്ഞം-ബാലരാമപുരം റെയിൽവേ ലൈൻ നിർമാണത്തിനു മറ്റൊരു 1000 കോടിയുമുൾപ്പെടെ 2850 കോടിയാണ് സർക്കാർ ആകെ വായ്പയെടുക്കുന്നത്. സാങ്കേതികപ്രശ്‌നങ്ങളാൽ ബാങ്കുകളിൽനിന്നു വായ്പ ലഭ്യമല്ലാത്തതിനാലാണ് ഹഡ്‌കോയെയും സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തെയും സമീപിച്ചത്.

ബ്രേക്ക് വാട്ടർ നിർമാണത്തിന് സർക്കാർ നൽകേണ്ടത് 1450 കോടി രൂപയാണ്. നിലവിൽ ബ്രേക്ക് വാട്ടറിന്റെ 30 ശതമാനം പണി പൂർത്തിയായിട്ടുണ്ട്. സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്ന് 400 കോടി എത്രയുംപെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നൽകിയിരുന്നു.

തുറമുഖ നിർമാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നൽകേണ്ടത്. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. ഇതും ഉടൻ നൽകും. കൂടാതെ തുറമുഖ നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നുള്ള ലക്ഷ്യവും മുൻനിർത്തിയാണ്, അദാനി ഗ്രൂപ്പിനു നൽകാനുള്ള തുക കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നൽകാനുള്ള തുക ലഭ്യമാക്കാൻ സർക്കാർ ഇടപെടാമെന്നും തുറമുഖവകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനൽകിയിട്ടുണ്ട്. അടുത്ത സെപ്‌റ്റംബറിൽ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കപ്പലെത്തിക്കാനാണ് സർക്കാർ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button