കഠ്മണ്ഡു: ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് അറസ്റ്റില്‍. ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുകയും അനുയായികള്‍ വിശ്വസിക്കുകയും ചെയ്യുന്ന റാം ബഹദുര്‍ ബോംജന്‍ (33) ആണു പിടിയിലായത്. ‘ബുദ്ധ ബോയ്’ എന്ന പേരില്‍ പ്രശസ്തനാണ്.
ചെറുപ്രായത്തില്‍ ഒന്നും കഴിക്കാതെയും കുടിക്കാതെയും ഉറങ്ങാതെയും ദിവസങ്ങളോളം ധ്യാനിച്ചാണു ബോംജന്‍ അനുയായികളെ സൃഷ്ടിച്ചത്. ബോംജനു മാസങ്ങളോളം ഇങ്ങനെ ധ്യാനിക്കാനാകുമെന്നു വിശ്വാസികള്‍ പറയുന്നു.
കാഠ്മണ്ഡുവിലെ സര്‍ലാഹി ആശ്രമത്തില്‍ അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബിയാണ് (സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇയാളുടെ കയ്യില്‍നിന്നു 30 ദശലക്ഷം നേപ്പാളി രൂപയും 22,500 ഡോളറും പിടികൂടി. 2010ല്‍ ഇയാള്‍ക്കെതിരെ നിരവധി പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു.
തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിനാണ് ആശ്രമത്തിലുള്ളവരെ മര്‍ദിച്ചതെന്നായിരുന്നു ഇയാളുടെ വാദം. ആശ്രമത്തില്‍നിന്നു നാലു പേരെ കാണാതായതിലും ഇയാള്‍ക്കെതിരെ അന്വേഷണമുണ്ട്.