ബെംഗളൂരു: വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷത്തില്‍പ്പരം രൂപയും കവര്‍ച്ച നടത്തിയതിനുപിന്നില്‍ ശാഖയിലെ മുന്‍മാനേജര്‍. ഇയാളെയുള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ബാങ്കിന്റെ സീനിയര്‍ മാനേജരായ വിജയകുമാര്‍ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖര്‍ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗര്‍ സ്വദേശി സുനില്‍ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് അറസ്റ്റുചെയ്തത്. 10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കവര്‍ന്ന ആഭരണങ്ങള്‍ ഉരുക്കി രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. 53.26 കോടി രൂപവിലയുള്ള സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കവര്‍ന്നത്. കര്‍ണാടകത്തിലെ വലിയ ബാങ്ക് കവര്‍ച്ചകളിലൊന്നായിരുന്നു ഇത്.
മനഗുളി ബ്രാഞ്ചില്‍നിന്ന് സ്ഥലംമാറിപ്പോകുന്നതിനു മുന്‍പ് വിജയകുമാര്‍ കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനായി ബാങ്കില്‍ സ്വര്‍ണാഭരണവും പണവും വെച്ച ലോക്കറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി വ്യാജ താക്കോലുണ്ടാക്കി. ഇതുപയോഗിച്ച് സ്ട്രോങ് റൂം തുറക്കാനാകുമെന്ന് പലതവണ ചെയ്തുനോക്കി ഉറപ്പിച്ചു. ഈ താക്കോല്‍ പിന്നീട് ചന്ദ്രശേഖറിനും സുനിലിനും കൈമാറി.
ഏപ്രിലിലാണ് ഇയാള്‍ക്ക് സ്ഥലംമാറ്റം ലഭിച്ചത്. സംശയം തന്നിലേക്ക് നീളാതിരിക്കാന്‍ സ്ഥലംമാറ്റത്തിനുശേഷമേ കവര്‍ച്ച നടത്താവൂ എന്ന് കൂട്ടാളികളോട് പറഞ്ഞുറപ്പിച്ചു. മേയ് 25-നാണ് കവര്‍ച്ച നടന്നത്. പോലീസ് എട്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയുടെ വിവരങ്ങള്‍ ചുരുളഴിഞ്ഞത്. സ്‌ട്രോങ് റൂമിന്റെ ഗ്രില്ലുകള്‍ മുറിച്ചുമാറ്റി ആഭരണവും പണവുമുള്ള ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ മാത്രമാണ് തുറന്നത്.
മറ്റ് ലോക്കറുകളില്‍ തൊട്ടിട്ടില്ല. ബാങ്കിന്റെ ഉള്‍വശം നല്ല പരിചയമുള്ളയാള്‍ ഇതിനു പുറകിലുണ്ടെന്ന സംശയം ഇത് പോലീസിലുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

