27.9 C
Kottayam
Thursday, May 2, 2024

വിവാഹാവശ്യം വീട്ടുകാർ നിരസിച്ചു, ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി അറസ്റ്റിൽ

Must read

പെരുങ്ങോട്ടുകുറിശ്ശി: ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍. പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) തിങ്കളാഴ്ച വൈകീട്ടോടെ കോയമ്പത്തൂര്‍ അവിനാശിയില്‍നിന്ന് കോട്ടായി പോലീസിന്റെ പിടിയിലായത്.

ഏപ്രില്‍ 15-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് ചൂലനൂരില്‍ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റത്. ഇവരുടെ വീടിനോടുചേര്‍ന്ന അടുക്കളയ്ക്ക് തീയിടുകയുംചെയ്തു. ചൂലനൂര്‍ കിഴക്കുമുറിവീട്ടില്‍ മണികണ്ഠന്‍ (47), ഭാര്യ സുശീല (43), മകള്‍ രേഷ്മ (25), സഹോദരന്‍ ഇന്ദ്രജിത്ത് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രേഷ്മയെ വിവാഹം ചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സുശീലയുടെ അനുജത്തിയുടെ മകനാണ് മുകേഷ്.

സംഭവശേഷം ഇയാള്‍ പഴനി, മധുര, ചെന്നൈ, ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ക്കഴിയുകയായിരുന്നെന്ന് പോലീസ് പറയുന്നു. രണ്ടാഴ്ച മുമ്പാണ് മുകേഷ് അവിനാശിയില്‍ എത്തിയത്. ? ഞായറാഴ്ച മുകേഷ് മഹാരാഷ്ട്ര സിം ഉപയോഗിച്ച് വീട്ടിലേക്കും പാലക്കാട്ടുള്ള സുഹൃത്തുക്കള്‍ക്കും ഫോണ്‍ചെയ്തതാണ് പോലീസിന് വഴിതുറന്നത്. സംഭവശേഷം രേഖകളും മൊബൈല്‍ഫോണുകളും ഉള്‍പ്പെടെയുള്ളവ മുകേഷ് ചൂലനൂരിലെ വീട്ടിനടുത്ത് ഉപേക്ഷിച്ചിരുന്നു. ഇതാണ് പ്രതിയിലേക്കെത്താന്‍ ഇത്രയും വൈകിയതെന്നാണ് പോലീസ് പറയുന്നത്.

മുകേഷിനെതിരേ വധശ്രമത്തിനാണ് കോട്ടായിപോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ ഡിവൈ.എസ്.പി. സുന്ദരന്റെ നേതൃത്വത്തില്‍ കോട്ടായി സി.ഐ. കെ.സി. വിനു, എസ്.ഐ. സി.ആര്‍. ദിനേഷ്, എ.എസ്.ഐ. എസ്. അനിത, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ പി. പ്രശാന്ത്, ജി. സ്‌നേഹദാസന്‍, വി. വിനോദ്, സിവില്‍പോലീസ് ഓഫീസര്‍ ടി. സജീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

മുകേഷിനെ പെരിങ്ങോട്ടുകുറിശ്ശി ചൂലനൂരിലെവീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതിയെ കൊണ്ടുവരുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. മുകേഷിനെ കണ്ടതോടെ നാട്ടുകാര്‍ രോഷാകുലരായി. തടിച്ചുകൂടിയെവരെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു. മുകേഷ് പന്നിപ്പടക്കം, പെട്രോള്‍, മടവാള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയ കുനിശ്ശേരി, ആലത്തൂര്‍, വക്കാവ്, മോലാര്‍കോട്, നെന്മാറ എന്നിവിടങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week