ഉറങ്ങിക്കിടന്ന ഒപ്പം താമസിച്ചിരുന്നയാളെ പ്രവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

ദുബായ്: ഉറങ്ങിക്കിടന്ന സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 46കാരനായ ഏഷ്യന്‍ വംശജന്‍ തന്നെയാണ് റൂംമേറ്റ് മരിച്ച വിവരം പൊലീസില്‍ അറിയിച്ചത്. ഉറക്കത്തിനിടെ മുകളിലത്തെ ബെഡില്‍ നിന്ന് വീണ് റൂംമേറ്റ് മരിച്ചെന്നാണ് ഇയാള്‍ ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ചറിയിച്ചത്.

വിവരം അറിഞ്ഞ ഉടന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ അല്‍ മുഹൈസ്‌നയിലെ സംഭവസ്ഥലത്തെത്തി. മുറിയില്‍ മുഴുവന്‍ രക്തം തളം കെട്ടിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മുകളിലത്തെ ബെഡില്‍ നിന്ന് ഉറക്കത്തിനിടെ തറയില്‍ മുഖമടിച്ച് വീണാണ് മരണമെന്ന് കണ്ടെത്തി. എന്നാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പരിശോധിച്ചപ്പോള്‍ തലയ്ക്ക് രണ്ടു തവണ അടിയേറ്റതായും കൈ ഒടിഞ്ഞതായും തെളിഞ്ഞു.

തുടര്‍ന്ന് മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് മെഡിസിന്‍ ഓഫീസിലേക്ക് മാറ്റി. ഇതിനിടെ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഇയാളുടെ ഷര്‍ട്ടില്‍ രക്തക്കറ കണ്ടെത്തി. ഇത് മരിച്ചയാളുടേതാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഒളിപ്പിച്ച് വെച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News