ന്യൂഡല്‍ഹി : കൊവിഡിന്റെയും (Covid) ഒമിക്രോണ്‍ വകഭേദത്തിന്‍റെയും വ്യാപനം വലിയ വെല്ലുവിളി തീര്‍ക്കുന്നതിനിടെയാണ് ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് (Election) നടക്കുന്നത്. രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം മാനദണ്ധങ്ങളും പാലിച്ചാകും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എല്ലാവിധ റാലികള്‍ക്കും പദയാത്രകള്‍ക്കും ജനുവരി പതിനഞ്ച് വിലക്കേർപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് തീയ്യതികള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും 15 ന് ശേഷം റാലികൾ നടത്താമോ എന്നതിൽ തീരുമാനമെടുക്കുക. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയ കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും അറിയിച്ചു.
നാമനിർദേശ പത്രിക ഓണ്‍ലൈനായി സ്ഥാനാർത്ഥികള്‍ക്ക് നല്‍കാം. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ‍് രോഗികള്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ ലഭ്യമാക്കും. ഡിജിറ്റല്‍ പ്രചാരണത്തിന് പാർട്ടികള്‍ പരമാവധി പ്രാധാന്യം നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായി യുപിയിലെ വോട്ടെടുപ്പ് നടക്കും. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. . മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായി നടത്തും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് ആദ്യ വോട്ടെടുപ്പ് ഫെബ്രുവരി പത്തിന് മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. 403 അംഗ യുപി നിയമസഭയിലേക്ക് ആദ്യ വിജ്ഞാപനം ഈ മാസം പതിനാലിന് പുറത്തിറിക്കും. യുപിയിൽ രണ്ടാം ഘട്ടം ഫെബ്രുവരി പതിനാലിനാണ്. മൂന്നാം ഘട്ടം ഫെബ്രുവരി ഇരുപതിനും, നാലാം ഘട്ടം അടുത്തമാസം 23 നും അഞ്ചാം ഘട്ടം 27 നും നടക്കും. ആറാം ഘട്ടം മാർച്ച് 3 നും ഏഴാം ഘട്ടം മാർച്ച് ഏഴിനുമാണ്. പഞ്ചാബിലെ 117 ഉം ഉത്താഖണ്ഡിലെ 70 ഉം ഗോവയിലെ 40 ഉം സീറ്റുകളിലേക്ക് ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായി നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.
ആരെ 18 കോടി 55 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഇതിൽ വനിത വോട്ടർമാർ 8 കോടി 55 ലക്ഷമാണ്. ഒരു പോളിംഗ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1250 ആയി ചുരുക്കി. പോളിംഗ് ബൂത്തുകളുടെ എണ്ണം 16 ശതമാനം കൂട്ടി. ഇലക്ട്രോണിക് യന്ത്രങ്ങൾക്കൊപ്പം എല്ലായിടത്തും വിവിപാറ്റും ഉപയോഗിക്കും.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഇങ്ങനെ:
- തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാവരും രണ്ട് ഡോസും എടുത്തിരിക്കണം
- തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്റ്റർ ഡോസും ഉറപ്പ് വരുത്തും
- എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും
- പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു
- 80 വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ് രോഗികൾ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം
- പാർട്ടികളും സ്ഥാനാർത്ഥികളും പരമാവധി ഡിജിറ്റൽ പ്രചാരണം നടത്തണം
- ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിൾ, ബൈക്ക് റാലികളും നടത്തുന്നതിന് വിലക്ക്
- വിജയാഹ്ളാദപ്രകടനങ്ങൾ നടത്തുന്നതിനും വിലക്ക്
- വീടുകയറി ഉള്ള പ്രചാരണത്തിന് 5 പേർ മാത്രം