25.5 C
Kottayam
Monday, May 20, 2024

ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർ​ഗനിർദേശമായി;കള്ള് ഷാപ്പിന്റെ ദൂരപരിധി കുറക്കാനും ശുപാർശ

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന്  ഉറപ്പായി. മദ്യനയത്തിൽ ആകും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർ​ഗ നിർദേശത്തിന്റെ കരടായിട്ടുണ്ട്. ഐ‌ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അം​ഗീകരിച്ചിട്ടുണ്ട്. 

10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് കരട് മാർ​ഗ നിർദേശത്തിൽ. പബുകൾ ഐടി പാർക്കിനുള്ളിൽ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക്  പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന്  ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം .
ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. 

സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന്വ്യ ക്തമാക്കിയിരുന്നു. 

കൊവിഡിൽ കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി കമ്പനികൾ വർക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തിൽ തുടർനടപടികൾ നിലച്ചത്. കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം സജീവമായി മുന്നോട്ട് കൊണ്ടു പോകുകയാണ് സർക്കാർ. 

നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകൾ ചെലവഴിക്കാനുള്ള ഒരേയൊരു ഉപാധി. ”യുവതയാണല്ലോ വിവിധ ഐടി പാർക്കുകളിൽ പ്രധാനമായും ജോലി ചെയ്യുന്നത്. അവർ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികൾ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവർക്ക് പോകാൻ സൗകര്യം ചെയ്ത് കൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് അന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്

സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ. 

നേരത്തേ നിസ്സാൻ കമ്പനി കേരളത്തിലെത്തിയപ്പോൾ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ അടക്കം വേണമെന്നായിരുന്നു ആവശ്യം. നിസ്സാൻ കമ്പനിയും വിനോദോപാധികൾ കേരളത്തിലെ ഐടി പാർക്കുകളിലില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നാസ്കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സർക്കാർ ഇത്തരത്തിൽ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്. കൊവിഡ് പ്രതിസന്ധി ഇതിനിടെ വന്നത് മൂലം ആ നീക്കം വഴിമുട്ടി. നിലവിൽ ഐടി പാർക്കുകൾ പലതും തുറന്ന് വരുന്ന സ്ഥിതിയിൽ, വീണ്ടും ഇത്തരം നീക്കങ്ങൾ സജീവമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 

ഇക്കാര്യത്തിൽ നേരത്തേ പല വിവാദങ്ങളും ഉയർന്നിരുന്നതാണ്. വി എം സുധീരൻ അടക്കമുള്ള നേതാക്കൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റുകൾ വരാൻ അടക്കം മദ്യവ്യാപനം വേണമെന്നത് മുട്ടുന്യായങ്ങളാണ് എന്ന് വി എം സുധീരൻ ആരോപിച്ചിരുന്നു. എന്തെങ്കിലും പേര് പറഞ്ഞ് ഇവിടെ ഇടത് സർക്കാർ മദ്യവ്യാപനം നടപ്പാക്കുകയാണ് എന്നും സുധീരൻ ആരോപിച്ചിരുന്നു 

അതേസമയം, ഐടി മേഖലയിൽ വിനോദോപാധികൾ കൊണ്ടുവരുന്ന നടപടികളെല്ലാം സ്വാഗതം ചെയ്യുന്നുവെന്നാണ് ഐടി ജീവനക്കാരുടെ സംഘടനകളുടെ പ്രതികരണം. വിദേശകമ്പനികൾ അടക്കം ഇവിടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് ഐടി പാർക്കുകളിൽ ഉള്ളവരും. ഇടയ്ക്കെങ്കിലും വിനോദോപാധി എന്ന നിലയിൽ മദ്യപിക്കുകയോ പബ്ബുകളിൽ സമയം ചെലവഴിക്കുകയോ ചെയ്യുന്നവർ ഐടി പാർക്കുകളിലുമുണ്ട്. അവിടെ അത്തരം അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഐ ടി മേഖലയിലെ ജീവനക്കാർ വ്യക്തമാക്കുന്നു. 

കളളു ഷാപ്പുകളുടെ ദൂര പരിധി കുറയ്ക്കാനും മദ്യ നയത്തിൽ തീരുമാനമുണ്ടായേക്കും. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇ എസ് ടി കോളനികൾ എന്നിവയിൽ നിന്നുള്ള കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറച്ചേക്കും. നിലവിൽ 400 മീറ്റർ ഉള്ള ദൂരപരിധിയാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 200 മീറ്റർ ആക്കി കുറയ്ക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും ദൂര പരിധി കുറച്ചിരുന്നു.

ജനങ്ങൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും മാത്രമേ ഇനി പുതിയതായി തുടങ്ങൂ. അതേസമയം ബിവറേജസ് കോർ‌പറേഷൻ നിർദേശിച്ച 175 ചില്ലറ  വിൽപന ശാലകൾ പുതിയതായി അനുവദിക്കില്ല. അതേസമയം വിനോദ സഞ്ചാര മേഖലകളിൽ കൂടുgതൽ മദ്യശാലകൾ അനുവദിക്കും. ബവ്കോ ഔട്ട്ലെറ്റുകൾ പുതിയതായി തുടങ്ങുമ്പോൾ നാല് കൗണ്ടറിനും വാബന പാർക്കിങ്ങിന് സ്ഥലം ഉണ്ടായിരിക്കണം. ബെവ്കോകൾ ജന ജീവിതത്തേയോ ​ഗതാ​ഗതത്തേയോ ബാധിക്കുന്ന സ്ഥലത്ത് ആകരുത്. ഒന്നാം തിയതികളിലെ ബാർ അവധി മാറ്റണമെന്ന ആലോചന ഉണ്ടെങ്കിലും തൊഴിലാളി സംഘടനകൾ ഈ നിർദേശം അം​ഗീകരിച്ചിട്ടില്ല.

പഴത്തിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കുന്നതിനുള്ള നിയമഭേദ​ഗതിയുമായിട്ടുണ്ട്. കശുമാങ്ങ, ജാതിക്ക, പൈനാപ്പിൾ, തുടങ്ങിവയിൽ നിന്നുള്ള ഉൽപാദനം ആണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.

എക്സൈസ് വകുപ്പ് നൽ‌കിയ കരട് മാർ​ഗ നിർദേശങ്ങൾ സി പി എം ചർച്ച ചെയ്യും. എൽ ഡി എഫിലും കൂടിയാലോചന നടത്തും.അതിനുശേഷം മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ അതു കൂടി പരി​ഗണിച്ച് മാർച്ച് 31 ന് മുമ്പായി പുതിയ മദ്യനയം പ്രാബല്യത്തിൽ വരുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week