‘ക്യാമറകള്‍ സ്ഥാപിക്കാനുളള സമയപരിധി നീട്ടി നല്‍കണം,ഇല്ലെങ്കില്‍ മാര്‍ച്ച് മുതല്‍ സര്‍വീസ് നിര്‍ത്തും’ ബസ് ഉടമകള്‍

പാലക്കാട്: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ ബസുടമകള്‍. ഫെബ്രുവരി 28നകം ക്യാമറ വയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ക്യാമറകള്‍ ഘടിപ്പിക്കുന്നതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ മുഴുവന്‍ തുകയും റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും നല്‍കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

‘ക്യാമറക്കുവേണ്ടി പണം ചെലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്‍പായി ക്യാമറകള്‍ വെയ്ക്കാം. ഒരുമിച്ച് ഇത്രയധികം ബസുകളില്‍ സിസിടിവി സ്ഥാപിക്കുമ്പോള്‍ നിലവാരമുള്ള ക്യാമറകള്‍ ലഭ്യമാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അനുകൂല നടപടിയില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കും’, ബസുടമകള്‍ വ്യക്തമാക്കി.

ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടതെന്നാണ് ഉത്തരവ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ഓരോ ബസുകളും നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കാനും യോഗത്തില്‍ തീരുമാനമായിരുന്നു. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.

ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം. കെഎസ്ആര്‍ടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News