അതിഥിയെ വിളിച്ചു വരുത്തി അപമാനിക്കുന്നതിന് തുല്യം; ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണ്; ഇറാനിയൻ കപ്പൽ ശ്രീലങ്കൻ തീരത്ത് തകർന്ന് തരിപ്പണമായതിന് രൂക്ഷ വിമർശനം

ഡൽഹി: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇന്ത്യയുടെ നയം 'നാണക്കേടാണെന്ന്' വിശേഷിപ്പിച്ച കോൺഗ്രസ്, അതിഥിയായെത്തിയ കപ്പലിനെ സംരക്ഷിക്കാൻ കഴിയാതെ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനങ്ങളുയർത്തി രാഹുൽ ഗാന്ധിയും പാർട്ടി വക്താവ് പവൻ ഖേരയും രംഗത്തെത്തി.

സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് നാണക്കേടാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണം അദ്ദേഹം വീണ്ടും ഉന്നയിച്ചു.

പ്രധാനമന്ത്രി മറ്റുള്ളവരുടെ 'പാവയായി' മാറിയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അമേരിക്കയ്ക്ക് മുന്നിലെ കീഴടങ്ങൽ രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചത് എന്തിനാണെന്നും ഖമനേയിയുടെ വധത്തിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ഖേര ചോദ്യം ചെയ്തു. 'എപ്സ്റ്റീൻ ഗ്യാങ്ങിൽ നിന്ന് അനുവാദം ലഭിച്ചാൽ മാത്രമേ പ്രധാനമന്ത്രി മൗനം വെടിയൂ. എപ്സ്റ്റീൻ ഗ്യാങ്ങിന്റെ പിടിയിലാണ് മോദി,' ഖേര പറഞ്ഞു.

നിലവിൽ 38 കപ്പലുകളും 12,000 നാവികരും കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഖേര, പ്രധാനമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ 'വാസുദേവ കുടുംബകത്തിന്റെ' കണികപോലുമില്ലെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തോടെ പ്രധാനമന്ത്രി സമ്മർദ്ദത്തിലാണെന്ന് വ്യക്തമായെന്നും 'എപ്സ്റ്റീൻ ഫയലിൽ നിന്നും ഗൗതം അദാനിയിൽ നിന്നും മോദിക്ക് സമ്മർദ്ദമുണ്ടെന്നും' ഖേര ആരോപിച്ചു.

പെട്രോളിയം മന്ത്രിയുടെ തിരോധാനം ചൂണ്ടിക്കാട്ടിയ ഖേര, അദ്ദേഹവും എപ്സ്റ്റീന്റെ പിടിയിലാണെന്ന് ആരോപിച്ചു. കേന്ദ്ര മന്ത്രിമാർ മൗനം തുടരുകയാണെന്നും വിദേശകാര്യ മന്ത്രി ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'എപ്സ്റ്റീന്റെ സംഘം ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ്. ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കാൻ മാത്രമാണ് സർക്കാരിന് തിടുക്കം. അപലപിക്കാൻ പോലും കഴിയുന്നില്ല. ഇതാണോ പുതിയ ഇന്ത്യ?' ഖേര ചോദിച്ചു.

ഇന്ത്യൻ മഹാസമുദ്ര മേഖല രാജ്യത്തിന്റെ നിർണായക മുൻഗണനകളിൽ ഒന്നാണെന്ന് പ്രധാനമന്ത്രി പറയാറുണ്ടെന്ന് ഖേര ഓർമ്മിപ്പിച്ചു. 'എന്നിട്ട് എന്ത് സംഭവിച്ചു ഇറാൻ കപ്പലിന്? അതിഥിയായ ഇറാനിയൻ കപ്പൽ അമേരിക്ക ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കി. അതിഥിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. അമേരിക്കയുടെ നീക്കം അറിയില്ലായിരുന്നോ? ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ ശേഷി എന്താണെന്ന് ലോകം മുഴുവൻ കണ്ടു,' ഖേര പറഞ്ഞു. മോദി കാര്യമായി എന്തിനെയോ പേടിക്കുന്നുണ്ടെന്നും അത് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇസ്രായേലിന്റെ ശത്രു എങ്ങനെ ഇന്ത്യയുടെ ശത്രുവാകും?' എന്ന് ചോദിച്ച് കോൺഗ്രസ് സർക്കാരിന്റെ വിദേശ-പ്രതിരോധ നയങ്ങളെ ചോദ്യം ചെയ്തു.

ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ ഇന്ത്യയുടെ മൗനവും അമേരിക്കൻ നയങ്ങളോടുള്ള വിധേയത്വവും രാജ്യത്തിന്റെ അന്തസ്സിന് കളങ്കമേൽപ്പിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഈ വിഷയത്തിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാവാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News