ഇടുക്കി: ജനവാസ മേഖലയിൽ നാശം വിതച്ചു വരുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കാൻ ഉത്തരവ്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്ന അരിക്കൊമ്പനെ പിടികൂടാനായി ചീഫ് ലൈഫ് വാർഡൻ ആണ് ഉത്തരവിറക്കിയത്. കാട്ടാന പ്രശ്നം പരിഹരിക്കാനായുള്ള ചീഫ് വെറ്റിനറി സർജനായ ഡോ. അരുൺ സഖറിയയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടിയുണ്ടായത്.
ഇടുക്കി മൂന്നാർ ഡിവിഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് വരുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനായി ഉത്തരവായതായി വനം മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു.ഉത്തരവിന് പിന്നാലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി പൂപ്പാറയിൽ കോൺഗ്രസ് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
നിരന്തരം റേഷൻ കട തകർക്കുന്ന ആനയെ പിടികൂടി കാട്ടിലേയ്ക്ക് തിരികെ വിടുകയോ ജിഎസ്എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനോ ആണ് ചീഫ് ലൈഫ് വാർഡന്റെ ഉത്തരവ്. പ്രദേശത്തെ ഭൂമിശാസ്ത്ര ഘടന വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ ആനയെ വാഹനത്തിൽ കയറ്റി മാറ്റാനാകാത്ത സ്ഥിതിയുണ്ടായാലായിരിക്കും ജിഎസ്എം റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുന്നത്,
കൂടാതെ ആനയെ കൂട്ടിലേയ്ക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ കോടനാട് ആനക്കൂട്ടിലേയ്ക്ക് മാറ്റാമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ചിന്നക്കനാൽ 301 കോളനിയിയുള്ള എമിലിയുടെ വീട് തകർത്ത് കാട്ടാന വീണ്ടും ഭീതി വിതച്ചതിനിടയിലാണ് മയക്കുവെടി വെച്ച് പിടിക്കാനായി ഉത്തരവായത്. ആന വീട് തകർക്കുന്നത് കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ രണ്ട് പേർക്ക് വീണ് പരിക്ക് പറ്റിയിരുന്നു.
മുപ്പത് വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പൻ കഴിഞ്ഞ മാസം മാത്രം മൂന്ന് കടകൾ തകർക്കുകയും റേഷനരി അടക്കം കവരുകയും ചെയ്തിരുന്നു. അതേസമയം ദൗത്യസംഘത്തിന്റെ തീരുമാന പ്രകാരം ചീഫ് വെറ്ററിനറി സർജനായ ഡോ. അരുൺ സഖറിയയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് മൂന്നാർ ഡി.എഫ്.ഒയ്ക്ക് ലഭിച്ചത്.
അദ്ദേഹം റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈറേഞ്ച് സർക്കിൾ സി.സി.എഫിന് കൈമാറി. അദ്ദേഹത്തിന്റെ പരിശോധനയ്ക്ക് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പക്കൽ റിപ്പോർട്ട് എത്തിച്ചു. ഉപദ്രവകാരിയായ അരിക്കൊമ്പനെ തളച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നായിരുന്നു റിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നത്.