തിരുവനന്തപുരം : ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസ്സാക്കുന്നത്. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തോടുള്ള എതിർപ്പുള്ളതിനാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കും.
ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.ബിൽ നിയമസഭ പാസ്സാക്കിയാലും ഗവർണർ ഒപ്പിടില്ല.
രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.
എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം.