NationalNews

മൃ​ഗങ്ങളുടെ ജഡങ്ങൾ ഒഴുകുന്നു, പോലീസുകാർ പോയത് പ്രമുഖയെ രക്ഷിക്കാൻ; രൂക്ഷവിമർശനവുമായി അദിതി ബാലൻ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്നാടിനെ മുക്കിയ പേമാരിയുടേയും വെള്ളപ്പൊക്കത്തിന്റെയും ദുരിതകഥകൾ അവസാനിക്കുന്നില്ല. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടി അദിതി ബാലൻ രം​ഗത്തെത്തിയതാണ് പുറത്തുവരുന്ന ഏറ്റവുംപുതിയ വാർത്ത. ഇതുപോലൊരവസ്ഥയിൽ ജനങ്ങളെ രക്ഷയ്ക്കെത്തേണ്ട സർക്കാർ എവിടെ പോയെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദിതി ചോദിക്കുന്നു.

തിരുവാൺമിയൂരിലെ രാധാകൃഷ്ണന​ഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാരിനെതിരെ അദിതി ബാലൻ വിമർശനമുന്നയിച്ചത്. സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളംകൂടി ഇവിടേക്ക് കുതിച്ചെത്തിയെന്നും മൃ​ഗങ്ങളുടെ ജഡങ്ങൾ ഒഴുകിനടക്കുന്നത് കണ്ടുവെന്നും അദിതി പറഞ്ഞു. രണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താൻ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടിവന്നെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ സമയത്ത് ആറ് പോലീസുകാരുമായി ഒരു ബോട്ട് കോട്ടൂർപുരത്തെ റിവർ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താൻ പോകുന്നത് കണ്ടു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നുവരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനിൽക്കവേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാൻ എന്റെ കാർ മാറ്റിനിർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു- അദിതി ബാലൻ കുറ്റപ്പെടുത്തി. ചെന്നൈ കോർപ്പറേഷൻ, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് അദിതി കുറിപ്പ് പോസ്റ്റ് ചെയ്തത്.

പേമാരി ശമിക്കുകയും ചുഴലിക്കാറ്റിന്റെ ഭീഷണി അകലുകയും ചെയ്തെങ്കിലും ചെന്നൈ നഗരവാസികളുടെ ദുരിതം നീങ്ങിയില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈദ്യുതിവിതരണവും മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും പുനഃസ്ഥാപിച്ചിട്ടില്ല. പ്രളയാനുബന്ധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 17 ആയി. നഗരത്തിൽ 47 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച പെയ്തതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ 8.30-ഓടെയാണ് ചെന്നൈയിൽനിന്ന് 90 കിലോമീറ്റർ അകലെവെച്ച് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. ചെന്നൈയിൽനിന്നുള്ള തീവണ്ടി, ബസ് സർവീസുകൾ ചൊവ്വാഴ്ചയും തടസ്സപ്പെട്ടു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാനസർവീസുകൾ ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. കേരളത്തിലേക്കുള്ളതുൾപ്പെടെ ഒട്ടേറെ ദീർഘദൂര തീവണ്ടികൾ ചൊവ്വാഴ്ചയും പൂർണമായോ ഭാഗികമായോ റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button