NationalNews

മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം അംഗീകരിക്കാനാകില്ല;വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കുന്നതിനായി നാലംഗ: സമിതി സുപ്രീംകോടതി

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്നുള്ള മഹാപ‍ഞ്ചായത്തിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാകില്ല. സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും വേണം. അക്രമത്തിന് പിന്നാലെയുള്ള ബഹിഷ്‌കരണ അഹ്വാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ നാലംഗ സമിതി വേണമെന്നും കോടതി നിർദേശിച്ചു.  മുസ്‌ലിം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്റെ ആഹ്വാനത്തിന് എതിരെയായിരുന്നു ഹർജി. മുസ്‍‌ലിം വിഭാഗക്കാരുടെ കച്ചവടസ്ഥാപനങ്ങളിൽ പോകരുതെന്നടക്കമാണ് മഹാപഞ്ചായത്തിൽ നിർദേശിച്ചത്. 

അതേസമയം വിദ്വേഷപ്രസംഗങ്ങളെ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ കോടതിയില്‍ നിലപാടെടുത്തു. ജസ്റ്റിസുമാരായ  സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദ്വേഷ പ്രസംഗം ആർക്കും നല്ലതിനല്ല. ആർക്കുമത് അംഗീകരിക്കാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 

ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ നൂഹിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ റാലിക്കുനേരെ ഒരുകൂട്ടമാളുകൾ ആക്രമണം നടത്തുകയായിരുന്നു. സംഘർഷത്തിൽ ഇതുവരെ 113 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 305 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button