ജറുസലം∙ ഗാസ സിറ്റിയിൽനിന്നു പലായനം ചെയ്യുന്നതിനിടെ കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജൻസിയും ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.
രണ്ടാഴ്ച മുൻപ് കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി ഹി റജബ് നടത്തിയ അടിയന്തര ഫോൺ സന്ദേശത്തെത്തുടർന്നു കുട്ടിയെ തിരഞ്ഞ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്നോയും അഹ്മദ് അൽ മദൂനും പുറപ്പെടുകയായിരുന്നു. ഇവരെക്കുറിച്ചും പിന്നീടു വിവരമൊന്നുമില്ലായിരുന്നു.
കാറിൽ മൃതദേഹങ്ങൾക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു. ‘എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാൻ ആരെയെങ്കിലും വരൂ’ എന്നായിരുന്നു ആ കുരുന്നിന്റെ യാചന. ചേതനയറ്റ തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങൾക്കു സമീപം നിന്ന് ഏകദേശം മൂന്നു മണിക്കൂറോളം ഹിന്ദ് സഹായത്തിനായി അഭ്യർഥിച്ചു. ആംബുലൻസ് സഹിതം സന്നദ്ധപ്രവർത്തകരെ അയച്ചെങ്കിലും പിന്നീട് ബന്ധപ്പെടാൻ സാധിച്ചില്ല.
ഗാസ സിറ്റിയിലെ ടെൽ അൽ-ഹവ പ്രദേശത്തെ ഒരു പെട്രോൾ സ്റ്റേഷന് സമീപമാണ് ഹിന്ദിന്റെയും ബന്ധുക്കളുടെയും രക്ഷിക്കാൻ പോയവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനാലാണ് പ്രദേശത്ത് എത്താൻ കഴിഞ്ഞത്. ഇസ്രയേലിന്റെ ‘ഭീകരമായ കുറ്റകൃത്യം’ എന്ന് സംഭവത്തെ ഹമാസ് കുറ്റപ്പെടുത്തി. ഗാസയിൽ വൻതോതിൽ കുട്ടികൾ മരിക്കുന്നു എന്ന് യുനിസെഫ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആറു വയസ്സുകാരിയുടെ മരണവാർത്തയും പുറത്തുവരുന്നത്